തിരുവനന്തപുരം: മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടക്കം ഹർജിയില്‍ ഇന്ന് വാദം തുടങ്ങും.
ഹർജികള്‍ പരിഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമായ നടപടികള്‍ക്കാണ് ഇന്ന് സുപ്രീം കോടതിയില്‍ തുടക്കമാകുന്നത്. വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവർ സുപ്രീം കോടതിയിലെത്തിയത്.
ആരോപണ വിധേയരെ കേള്‍ക്കാതെയുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീം കോടതിയിലെത്തിയത്. കേസില്‍ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാല്‍ ഹർജി വേഗം പരിഗണിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉള്‍പ്പെടെ എല്ലാ കക്ഷികളും നല്കിയ ഹർജികളും കോടതി ഇന്ന് പരിഗണിക്കും. പിണറായിയുടെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ സമൻസ് പതിച്ചടക്കം ശരവേഗത്തിലാണ് കേസില്‍ ഇഡി നീക്കങ്ങള്‍ എന്ന് വ്യക്തമായിരുന്നു. അതിനാല്‍ ഇഡി കേസിന്റെ അടക്കം ആധാരമായ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നതാണ് പിണറായിയുടെ ആവശ്യം. സംസ്ഥാന സർക്കാരിന്റെയും ഇഡിയുടെയും ഹർജിക്കാരനായ കെ എം ഷാജഹാന്റെയും അഭിഭാഷകരും ഇന്ന് കോടതിയിലെത്തിയേക്കും.






