കണ്ണൂർ: മാസപ്പടി കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ ഉടൻ വിജിലൻസിന് കൈമാറും.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം നടക്കുന്നത്. വിജിലൻസ് തിരുവനന്തപുരം സ്പെഷ്യല്‍ യൂണിറ്റാകും കേസില്‍ തുടരന്വേഷണം നടത്തുക. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാകും വിജിലൻസ് കേസ് എടുക്കുക.
അദ്ദേഹത്തിന് പുറമെ മകള്‍ ടി. വീണ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെയും പ്രതി ചേർത്തായിരിക്കും അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ തയ്യാറാക്കുക. നേരത്തെ വിഷയത്തില്‍ പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാനായിരുന്നു പൊലീസിന്റെയും സർക്കാരിന്റെയും തീരുമാനം.
എന്നാല്‍ ഇത് തള്ളിയ ഹൈക്കോടതി, നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു. കേസില്‍ അടിയന്തരമായി അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസെടുക്കാൻ ആവശ്യമായ ശക്തമായ തെളിവുകള്‍ ഇഡി നല്കിയ കത്തിലുണ്ടെന്നും അതിനാല്‍ എഫ്ഐആർ ഇട്ട് അന്വേഷിക്കണമെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ പ്രാഥമിക പരിശോധനയില്ലാതെ കേസെടുക്കാനാകില്ലെന്ന നിലപാടില്‍ സർക്കാർ ഉറച്ചുനിന്നു. തുടർന്ന്, വിഷയത്തില്‍ ശക്തമായ ചോദ്യങ്ങളുയർത്തിയ ഹൈക്കോടതി സർക്കാരിന്റെ വാദങ്ങള്‍ പൂർണ്ണമായും തള്ളിക്കൊണ്ടാണ് വിജിലൻസിനോട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.






