കൊച്ചി: മാസപ്പടി കേസിലെ അപ്പീലില്‍ ഹൈക്കോടതിയില്‍ ശക്തമായ വാദമുഖങ്ങളുമായി പിണറായി വിജയന്റെ അഭിഭാഷകന്. സിംഗിള്‍ ബെഞ്ചിനെ സമീപിച്ച കെ എം ഷാജഹാന് രാഷ്ട്രീയ താല്പര്യമെന്ന് പിണറായി വിജയന്റെ അഭിഭാഷകന് വാദിച്ചു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം ഇല്ലെന്ന കാര്യം സിംഗിള്‍ ബെഞ്ച് പരിശോധിക്കേണ്ടിയിരുന്നു. എന്ത് കുറ്റം ചെയ്തെന്ന് ഇഡിയും പറഞ്ഞിട്ടില്ലെന്നും വാദം. പിണറായി വിജയനും വീണയ്ക്കും റിയാസിനുമായി പ്രമുഖ അഭിഭാഷകരുടെ നിരയാണ് കോടതിയില്‍ ഹാജരായത്.
പിണറായിക്കായി പ്രമുഖ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര
പിണറായി വിജയനായി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരായത്. സിദ്ധാർഥ് ലൂത്ര ഓണ്‍ലൈനിലാണ് പിണറായിക്ക് വേണ്ടി ഹാജരായത്. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കായി അഡ്വ. എൻ ഹരിഹരനാണ് ഹാജരായത്. ഇഡിയുടെ അന്വേഷണാധികാരത്തെ പിണറായിയുടെ അഭിഭാഷകൻ ഇഡി അന്വേഷണത്തെ ചോദ്യം ചെയ്തു. കമ്പനി ആക്ട് പ്രകാരം ചില കാര്യങ്ങളില്‍ എസ്.എഫ്.ഐ.ഒക്ക് മാത്രമേ അന്വേഷണം നടത്താനാകൂ എന്നും ഇഡിയുടെ പി.എം.എല്‍.എ. സെക്ഷൻ 66(2) പ്രകാരമുള്ള കത്ത് തുടർനടപടികള്‍ക്ക് മതിയായ അടിസ്ഥാനമല്ലെന്നും വാദം.
എസ്.എഫ്.ഐ.ഒ അന്വേഷണം ഏറ്റെടുത്താല്‍ മറ്റ് ഏജൻസികള്‍ക്ക് അതേ കുറ്റത്തില്‍ അന്വേഷണം തുടരാനാകില്ലെന്നും വാദം ഉയര്‍ന്നു. സിംഗിള്‍ ബെഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരത്തില്‍ കൈകടത്തിയെന്നും പ്രതിഭാഗം വാദിച്ചു. ഷാജഹാന് രാഷ്ട്രീയ അജണ്ട ഉണ്ടെന്നും വാദം. ഹർജിക്കാരൻ രാഷ്ട്രീയക്കാരനല്ലല്ലോ എന്ന് കോടതി ചോദിച്ചു. ഷാജഹാനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നാണ് വീണയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഷാജഹാന് ഹർജി നല്കാൻ നിയമപരമായ അവകാശമുണ്ടോ എന്നും വീണയുടെ അഭിഭാഷകൻ ചോദ്യം ഉന്നയിച്ചു. അപ്പീലില്‍ ഉച്ചയ്ക്ക് ശേഷം വാദം തുടരും.






