തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍ കോടികളുടെ മരുന്നുകള്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള 16 മെഡിക്കല്‍ വെയര്‍ഹൗസുകളില്‍ ഉപയോഗയോഗ്യമായതും അല്ലാത്തതുമായി ഏകദേശം 120 കോടി രൂപയുടെ മരുന്നുകളും മറ്റ് ആരോഗ്യ സാമഗ്രികളുമാണ് കുന്നുകൂടി കിടക്കുന്നത്. വിവരാവകാശ രേഖയിലൂടെയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി (2021 ഏപ്രില്‍ 1 മുതല്‍ 2026 ജൂലൈ 31 വരെ) വെയര്‍ഹൗസുകളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുകയോ നശിപ്പിക്കാന്‍ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. കാലാവധി കഴിഞ്ഞ മരുന്നുകളുടെ കൃത്യമായ കണക്കോ വിവരങ്ങളോ സൂക്ഷിക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. പുതിയ മരുന്നുകളും കാലാവധി കഴിഞ്ഞ മരുന്നുകളും യാതൊരുവിധ മുന്‍കരുതലുമില്ലാതെ ഒരേ സ്ഥലത്ത് തന്നെ സൂക്ഷിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇത് ഔഷധ ഗുണനിലവാരത്തെയും സാരമായി ബാധിക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് മുന്‍കരുതലിനായി വാങ്ങിപ്പൂഴ്ത്തിയ വലിയ ശേഖരത്തിലുള്ള സുരക്ഷാ കിറ്റുകളും മറ്റ് ഉപകരണങ്ങളും ഇതിനോടകം കാലാവധി കഴിഞ്ഞ നിലയിലാണ്. ഇവ പൂര്‍ണ്ണമായും ഉപയോഗശൂന്യമായി മാറിയിരിക്കുന്നു
വെയര്‍ഹൗസുകളില്‍ കോടികളുടെ മരുന്നുകള്‍ വെറുതെ കിടന്ന് നശിക്കുമ്പോഴും, സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. മരുന്നുകള്‍ ലഭിക്കാതെ രോഗികള്‍ മടങ്ങിപ്പോകേണ്ടി വരുന്ന സാഹചര്യം വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. സ്റ്റോക്ക് മാനേജ്മെന്റിലെ അശാസ്ത്രീയതയും കൃത്യസമയത്ത് മരുന്നുകള്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്യാത്തതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. മരുന്നു വാങ്ങലിലും വിതരണത്തിലുമുള്ള ഗുരുതരമായ വീഴ്ചകളും അഴിമതി സാധ്യതകളും മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് സമഗ്രമായ പരിശോധനകള്‍ക്കും അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. വെയര്‍ഹൗസുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കാലാവധി കഴിഞ്ഞ മരുന്നുകളും സാമഗ്രികളും എത്രയും പെട്ടെന്ന് ശാസ്ത്രീയമായ രീതിയില്‍ നശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, വരും ദിവസങ്ങളില്‍ മരുന്ന് വിതരണ ശൃംഖല കൂടുതല്‍ സുതാര്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.






