ഷൊർണൂർ : മുംബൈ സ്വദേശിനിയായ പ്രവാസി ഉദ്യോഗസ്ഥയെ വിവാഹവാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ പട്ടാമ്പി സ്വദേശിനിയായ 45കാരൻ അറസ്റ്റിൽ. യുവതിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയിലാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മേലേ പട്ടാമ്പി ആലിക്കല്‍ സ്വദേശി മുഹമ്മദ് അമീറിനെയാണ് (45) പോലീസ് സംഘം പിടികൂടിയത്. സുഹൃത്ത് വഴി പരിചയപ്പെട്ട യുവതിയെ വ്യാജ വാഗ്ദാനങ്ങള്‍ നല്കി സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്ന പരാതിയിലാണ് നടപടി. മുംബൈയിലെ സ്വകാര്യ കമ്പനിയില്‍ ഉയർന്ന പദവിയില്‍ ജോലി ചെയ്യുന്ന യുവതി വെള്ളിയാഴ്ച രാവിലെയോടെ നേരിട്ട് ഷൊർണൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
മുൻപ് പരിചയമുണ്ടായിരുന്ന അമീർ പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി സൗഹൃദം പുതുക്കുകയും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് തന്നില്‍ നിന്ന് 43 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും കൈക്കലാക്കുകയുമായിരുന്നു എന്ന് യുവതി നല്കിയ മൊഴിയില്‍ പറയുന്നു. പരാതിക്കാരി നല്കിയ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ കേസെടുത്ത ഷൊർണൂർ പോലീസ് ഉടനടി പ്രതിയായ മുഹമ്മദ് അമീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. ഇയാളെ നിലവിൽ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.






