വാഷിംഗ്ടണ്‍: മരിച്ചെന്നുകരുതിയ 15കാരി സംസ്കാരച്ചടങ്ങിനിടെ ശവപ്പെട്ടിയില്‍നിന്ന് എഴുന്നേറ്റിരുന്നു. മരണം സംഭവിച്ചതായി സ്ഥിരീകരിച്ച് എട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി ഉണർന്നതെന്നാണ് റിപ്പോർട്ട്.
സെൻട്രല്‍ അമേരിക്കയിലെ ഗ്വാട്ടിമാല സ്വദേശിനിയായ യൂലെയ്ഡ് ഇക്സ്കോടോയാക് ആണ് ശവസംസ്കാര ചടങ്ങിനിടെ അപ്രതീക്ഷിതമായി എഴുന്നേറ്റത്.
പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ശവപ്പെട്ടിയില്‍ കിടന്നിരുന്ന പെണ്‍കുട്ടി പെട്ടെന്ന് എഴുന്നേറ്റിരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതുകണ്ട് അത്ഭുതപ്പെട്ട ബന്ധുക്കളും നാട്ടുകാരും 'ഹല്ലേലൂയ' എന്ന് വിളിച്ചുപറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഒക്ടോബർ 10 ശനിയാഴ്ച രാവിലെ, സുഖമില്ലാതായതിനെതുടർന്ന് പെണ്‍കുട്ടിയെ പിതാവ് എബ്രഹാം ഇലക്സ്കോടോയോക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമദ്ധ്യേ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വാഹനം നിർത്തിയ പിതാവ് മകളുടെ ഹൃദയമിടിപ്പും ശ്വാസവും പരിശോധിച്ചു. യാതൊന്നും അനുഭവപ്പെടാതിരുന്നതോടെ മകള്‍ മരണപ്പെട്ടെന്ന് അയാള്‍ ഉറപ്പിച്ചു. എന്നാല്‍, ഏതെങ്കിലുമൊരു ഡോക്ടറെ കാണിച്ച് മരണം ഉറപ്പിക്കുന്നതിന് മുൻപുതന്നെ പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ശവപ്പെട്ടിയില്‍ പെണ്‍കുട്ടിയെ കിടത്തിയ ശേഷം അന്നുച്ചയ്ക്ക് രണ്ടരയ്ക്കുതന്നെ ശവസംസ്കാര ചടങ്ങുകള്‍ നടത്താനും തീരുമാനിച്ചു. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി സുഹൃത്തുക്കളും ബന്ധുക്കളും വീട്ടിലേക്ക് എത്തുന്നതിനിടെയാണ് പെണ്‍കുട്ടി എഴുന്നേറ്റിരുന്നത്.
അതേസമയം, മകള്‍ മരിച്ചിട്ടില്ലെന്നും ശവപ്പെട്ടിക്കുള്ളില്‍ ചലനം അനുഭവപ്പെട്ടെന്നും താൻ ആവർത്തിച്ച് പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി. 'ഞാൻ അവളുടെ ശവപ്പെട്ടിക്കുമുകളില് കിടന്ന് കരയുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ശവപ്പെട്ടിയുടെ വാതില്‍ തുറന്നു. അവള് അനങ്ങുന്നതും ഉണരുന്നതും കണ്ടു. പെട്ടെന്നുതന്നെ ശവപ്പെട്ടി തുറന്ന് അവള് എഴുന്നേറ്റിരിക്കുകയും ചെയ്തു'- പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. ജീവൻ തിരിച്ചുകിട്ടിയതിനെ ഒരു അത്ഭുതമെന്നാണ് പെണ്‍കുട്ടി വിശേഷിപ്പിച്ചത്. തനിക്ക് വീണ്ടും ജീവിക്കാൻ അവസരം ലഭിച്ചതിന് ദൈവത്തോടും മാതാപിതാക്കളോടും അവള് നന്ദി പറഞ്ഞു.






