ചാലക്കുടി: തൃശൂർ ചാലക്കുടിയില്‍ ഇരുപത്തിരണ്ടുകാരിയെ ഭർതൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് കസ്റ്റഡിയില്‍.
പരിയാരം സ്വദേശി എമില്‍ഡയെയാണ് (22) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചാലക്കുടി പോട്ട സ്വദേശിയായ ഭർത്താവ് അഫ്സലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ ആറാം തീയതിയാണ് യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരണം സ്ഥിരീകരിച്ചത്.
സംഭവത്തില്‍ നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എമില്‍ഡയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.






