ഇംഫാൽ : മണിപ്പൂരിൽ മെയ്തെയ് വിഭാഗക്കാരായ മൂന്ന് പുരുഷന്മാർ കൂടി കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്സും ഹില്ലിൽ നടന്ന ആക്രമണത്തിലാണ് ആറ് പേരും ഇരകളായത്. അരുബം റോണിൽ (35), ലൈരെൻലക്പം ഇനോബി (44), ക്ഷേത്രിമയും സുശിൽ (32) എന്നിവവരാണ് കൊല്ലപ്പെട്ടത്. കുകി വിഭാഗക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.
ഇതോടെ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമെന്ന് ഭീതിയുയർന്നു. ഇരുപക്ഷത്തും ഇടക്കാലത്തുണ്ടായ സമാധാന സാഹചര്യം ഇതോടെ ഇല്ലാതായി. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കാങ്പോക്പിയും ഇംഫാൽ ഈസ്റ്റും അതിർത്തി പങ്കിടുന്ന കോങ്ബൻ സുനുരോക് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. സഗോൽമൻ പൊലീസ് സ്റ്റേഷന് കീഴിലാണ് ഈ പ്രദേശം.
ആക്രമിക്കപ്പെട്ട ആറ് പേരും സമീപത്തെ കുന്നിൽ നിന്ന് വിറക് ശേഖരിക്കാൻ പോയതായിരുന്നു. പിന്നാലെ പതിയിരുന്ന കുകി സംഘം തങ്ങൾക്ക് നേരെ വെടിയുതിർത്തെന്നാണ് പരിക്കേറ്റവരുടെയെല്ലാം മൊഴി.






