തിരുവനന്തപുരം : ശബരിമലയില്‍ മില്‍മ നെയ്യ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണില്‍ മില്‍മയില്‍ നിന്ന് വാങ്ങിയ 1.77 ലക്ഷം ലിറ്റർ നെയ്യില്‍ ഭൂരിഭാഗവും സന്നിധാനത്ത് എത്തിച്ചേർന്നിട്ടില്ല എന്നാണ് സംശയം.
സംശയത്തെ ആസ്പദമാക്കിയുള്ള അന്വേഷണത്തിലാണ് വിജിലൻസ്.
അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ഇല്ലാതെ നാല് ബാച്ച് നെയ്യ് സന്നിധാനത്ത് നിന്ന് കടത്തി എന്നായിരുന്നു സംശയമെങ്കില്‍ ഇപ്പോള്‍ നാല് ബാച്ചുകളും പമ്പയിലെ പരിശോധന കേന്ദ്രത്തില്‍ എത്തിയിട്ടില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മില്‍മയില്‍ നിന്നും കയറ്റിവിട്ട യഥാർത്ഥത്തിലുള്ള നെയ്യ് വഴിമധ്യ മറ്റെവിടെയെങ്കിലും മാറ്റുവാനും മറിച്ചുവല്ക്കുവാനും ഉള്ള സാധ്യതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആദ്യ പരിശോധനയ്ക്ക് നല്കിയ രണ്ടു ബാച്ചുകളില്‍ സാമ്പിള്‍ ആയി നല്‍കിയത് മില്‍മയിലെ നെയ്യ് തന്നെയായിരുന്നു എന്നാല്‍ പരിശോധന ഫലം ലഭിച്ച ശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജനാകാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. പരിശോധന ഫലം ലഭിച്ചശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജ നെയ്യാണെന്ന് സൂചനയാണ്. ബാക്കി നാല് ബാച്ചുകള്‍ യഥാർത്ഥത്തില്‍ കൊണ്ടുപോയിട്ടില്ലെന്നും സംശയം.
അതേ സമയം കഴിഞ്ഞ മണ്ഡല സീസണില്‍ ഭക്തർ കൊണ്ടുവന്ന നെയ്യ് തന്നെ സന്നിധാനത്തെ സംഭരണികള്‍ നിറയുന്നതിന് കാരണമായിരുന്നു. അതിനാല്‍ തന്നെ പുറത്തു നിന്നും വാങ്ങേണ്ട ആവശ്യമുണ്ടായില്ല . ഈ സാഹചര്യത്തില്‍ മില്‍മയില്‍ നിന്നും പുറപ്പെട്ട വാഹനങ്ങള്‍ സന്നിധാനത്തില്‍ എത്തിക്കുന്നതിന് പകരം മറ്റെവിടെയോ പോയെന്നാണ് നിഗമനം.മില്‍മയില്‍ നിന്നും 510 രൂപ നിരക്കില്‍ വാങ്ങിയ നെയ്യ് വഴിയില്‍വെച്ച് മറ്റെവിടേക്കോ മാറ്റിയ ശേഷം തമിഴ്നാട്ടില്‍ നിന്നുള്ള നിലവാരം കുറഞ്ഞ നെയ്യ് പകരം വെച്ച് യഥാർത്ഥ നെയ്യ് 720 രൂപ നിരക്കില്‍ മറച്ചു വിറ്റോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിയതെന്ന് ഉള്‍പ്പെടെയുള്ള അന്വേഷണം നടത്തും. വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുന്ന പ്രവർത്തികള്‍ അംഗീകരിക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വിവാദത്തിന് പിന്നാലെ ഗുരുതര സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട ദേവസ്വം വിജിലൻസും ഇതില്‍ പ്രാഥമിക പരിശോധന തുടങ്ങിയതായും റിപ്പോർട്ട്.






