കോഴിക്കോട്: മാമി തിരോധാനക്കേസില്‍ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്.
മാമിയെ ആസൂത്രിതമായി തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഇതിന്റെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് കൂടി ഉള്‍പ്പെടുത്തി പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതോടെ പ്രതികളുടെ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. തൊട്ടടുത്ത ദിവസം ഉച്ചവരെ തലക്കുളത്തൂർ ഭാഗത്ത് മാമിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ ഉണ്ടായിരുന്നതായാണ് വിവരം.
എന്നാല്‍ മാമിയെ കാണാതായതിന് പിന്നാലെയുള്ള നിർണായക സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലടക്കം ലോക്കല്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. ഇതുമൂലം ഡിജിറ്റല്‍ തെളിവുകളുടെ അഭാവം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്.
മാമിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു കുടുംബവും ആക്ഷൻ കമ്മിറ്റിയും നേരത്തെ ആരോപിച്ചിരുന്നത്. പുതിയ എഫ്ഐആറിലൂടെ ഈ സാധ്യതയ്ക്കാണ് അന്വേഷണസംഘം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
സാധാരണ തിരോധാനക്കേസായി കാണാനാകില്ലെന്നും മാമിയെ അപായപ്പെടുത്തിയതാകാമെന്നും കുടുംബം നേരത്തെ തന്നെ സംശയം ഉന്നയിച്ചിരുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാമ്പത്തിക ഇടപാടുകളും ബിസിനസ് ബന്ധങ്ങളുമാണ് നിലവില്‍ അന്വേഷണത്തിന്റെ പ്രധാന കേന്ദ്രം. കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ മാമി നടത്തിയിരുന്നതായാണ് വിവരം. ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട കുടിപ്പകയാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.






