തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാൻ ഒരുങ്ങി ബിജെപി. നിയമസഭാ സമ്മേളന കാലയളവിൽ റിലെ പ്രതിഷേധവുമായി ബിജെപി തെരുവിലിറങ്ങും.
നിയമസഭാ സമ്മേളനം തുടങ്ങുന്ന പന്ത്രണ്ടാം തീയതി മുഖ്യമന്ത്രി വി ഡി സതീശൻ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി നിയമസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും.
സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാവുന്ന തരത്തിലുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്ന തീരുമാനത്തിന് പിന്നാലെയാണ് ബിജെപി സമരമുഖത്തേക്ക് ഇറങ്ങുന്നത്.
പതിമൂന്നാം തീയതി സർക്കാരിനെതിരെ ബിജെപി ജനപ്രതിനിധികൾ പ്രതിഷേധിക്കും. പതിനാലാം തീയതി സംസ്ഥാനത്തെ മരുന്ന് ക്ഷാമവും ആരോഗ്യ മേഖലയിലെ അവസ്ഥയ്ക്ക് എതിരെ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
പതിനാറിന് ‘തൊഴിൽ എവിടെ സർക്കാരെ’ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കും. കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന നേതൃയോഗത്തിന്റേതാണ് തുടർച്ചയായി സമരം ചെയ്യാനുള്ള തീരുമാനം.






