കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവിലെ ദളിത് കുടുംബങ്ങള്‍ക്കായുള്ള വീടിന്റെ തറക്കല്ലിട്ടു. ഏഴ് കുടുംബങ്ങള്‍ക്കുള്ള വീടിന്റെ തറക്കല്ലിടീലാണ് നടന്നത്.
കുടിയൊഴിപ്പിക്കല്‍ പ്രശ്നത്തില്‍ പരിഹാരം കണ്ടെത്താനായതില്‍ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ടാം ദിവസമായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രതിഷേധമുണ്ടാകുന്നത്. അന്ന് തന്നെ മലയിടംതുരുത്തിലെ കുടുംബങ്ങളെ വഴിയാധാകരമാക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. 5 സെന്റ് സ്ഥലവും 1000 സ്ക്വയർ ഫീറ്റില്‍ കുറയാത്ത വീടും നിർമ്മിച്ച് നല്‍കുമെന്നായിരുന്നു യുഡിഎഫ് സർക്കാർ വാഗ്ദാനം ചെയ്തത്. അത് ഇന്ന് യാഥാർഥ്യമാകുന്നു.
സ്പോണ്‍സർഷിപ്പിലൂടെയാണ് ഇതിന് വേണ്ടിയുള്ള തുക കണ്ടെത്തിയത്. 50 വർഷത്തിലധികമായി തർക്കത്തില്‍ ഉള്‍പ്പെട്ട പ്രശ്നത്തില്‍ പരിഹാരം ഉണ്ടാക്കിയതില്‍ വലിയ ചാരിതാർത്ഥ്യവും സന്തോഷവും ഉണ്ട്. പ്രശ്നം സർക്കാരിൻറെ മുൻപില് വന്നപ്പോള്‍ തന്നെ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം എന്നതിലാണ് സർക്കാർ മുന്നോട്ടുപോയത്.
പാതിരാത്രികളില്‍ അടക്കം നിരവധി ചർച്ചകള്‍ വേണ്ടിവന്നു. വിഷയം രമ്യമായി പരിഹരിക്കാൻ സാധിച്ചു. പറഞ്ഞ സമയത്തിലും മുൻപ് തന്നെ വീടുകളുടെ നിർമാണം പൂർത്തീകരിച്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കും. സഹകരിച്ച എല്ലാവർക്കും നന്ദി എന്നായിരുന്നു മന്ത്രി റോജി എം ജോണ്‍ പറഞ്ഞത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യം പരിഹരിക്കുന്ന ഏറ്റവും സുപ്രധാനമായ വിഷയങ്ങളിലൊന്നാണ് മലയിടംതുരുത്തിലേത്. പതിറ്റാണ്ടുകളായി നീണ്ടുനിന്ന ഈ പ്രശ്നത്തിന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം കാണാനായത് മവലിയ രാഷ്ട്രീയ നേട്ടമാണ്.






