കൊച്ചി: വിമാനയാത്രക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യാത്രക്കാരന് പിടിയില്‍.
പാലക്കാട് സ്വദേശി ജംഷീറാണ് പിടിയിലായത്. മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം.
മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് വരികയായിരുന്നു ബാറ്റിക് എയറിന്റെ വിമാനം. രാത്രി 9.30നും 11നും ഇടയിലാണ് ജംഷീര്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഡോര്‍ ബലമായി വലിച്ചുതുറക്കാന്‍ ശ്രമിച്ച ഇയാളെ മറ്റ് യാത്രക്കാരും ക്യാബിന് ക്രൂവും ചേര്‍ന്നാണ് തടഞ്ഞത്. വിമാനത്തില്‍ വെച്ച് മറ്റ് യാത്രക്കാര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇയാള്‍ക്കെതിരെ നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ജംഷീര്‍ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ച സാഹചര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.






