മലപ്പുറം: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു.
കാറിലുണ്ടായിരുന്നവര്‍ ഉടൻ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എ.ആര് നഗര്‍ കൊളപ്പുറത്തിനും ചോലക്കലിനുമിടയിലായിരുന്നു സംഭവം.
ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി കോഴികാട്ടില്‍ കരീമിന്റെ കുടുംബാംഗങ്ങളാണ് കാറിലുണ്ടായിരുന്നത്.
കരീമിന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മകനും മരുമകളും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയി മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്.
യാത്രയ്ക്കിടെ കാറിന്റെ പിന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.
അപകട സാധ്യത തിരിച്ചറിഞ്ഞ ഇവര്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങുകയായിരുന്നു.
യാത്രക്കാര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം കാറില്‍ തീ പടര്‍ന്നുപിടിച്ചു.
തീ ആളിപ്പടര്‍ന്നതോടെ വാഹനം മുഴുവനായും അഗ്നിക്കിരയായി.
ഇതുവഴി കടന്നുപോയ വാഹനയാത്രക്കാരും സമീപത്തെ നാട്ടുകാരും തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീയുടെ ശക്തി കാരണം ശ്രമം വിജയിച്ചില്ല.
പിന്നീട് കാര്‍ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു..






