തൃശൂർ: തൃശൂർ മടവാക്കരയില്‍ 89-കാരനായ അച്ഛനെ മകൻ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. മടവാക്കര സ്വദേശിയായ കൃഷ്ണനാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മകൻ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭൂമി തന്റെ പേരില്‍ നിന്ന് മകന് നല്‍കിയിട്ടും സംരക്ഷണമോ ജീവനാംശമോ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണൻ നേരത്തെ രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മറ്റൊരു മകന്റെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു കൃഷ്ണൻ താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. കൃഷ്ണന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ചെങ്ങാലൂരില്‍ താമസിക്കുന്ന മറ്റൊരു മകൻ ഫോണില്‍ പലതവണ വിളിച്ചിട്ടും പിതാവിനെ ബന്ധപ്പെടാനാകാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഇടത് ചെവിക്കു സമീപം ആഴത്തിലുള്ള മുറിവേറ്റ നിലയില്‍ കട്ടിലില്‍ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തുറന്നുകിടക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്






