കൊച്ചി: നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതില്‍ പ്രതികരിച്ച് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പ്രതികരിക്കാത്ത ആളുകള്‍ പോലും വിഷയത്തില്‍ ഇടപെടുകയും ജനങ്ങള്‍ സമരം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യമാണുണ്ടായത്. അവസാന നിമിഷം വരെ വിദ്യാഭ്യാസ രംഗം കുളംതോണ്ടിയ മന്ത്രിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹി ഒരു യുദ്ധക്കളത്തിന് സമാനമായ സാഹചര്യത്തിലാണുള്ളതെന്നും പൊലീസിന്റെ അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ജന്ദർ മന്ദറില്‍ നടന്നു വന്നിരുന്ന സമരം അവസാനിപ്പിക്കാൻ സംയുക്ത സമരസമിതിക്കിടയില് കൂട്ടായ ധാരണയായിട്ടുണ്ടെന്നും എം എ ബേബി വ്യക്തമാക്കി. സമരത്തിലെ കോണ്‍ഗ്രസിന്റെ പങ്കിനെ കുറിച്ച് ഇപ്പോള്‍ ചർച്ച ചെയ്യേണ്ടതില്ലെന്നും ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് രാഹുല്‍ ഗാന്ധി സമരത്തില്‍ പങ്കുചേർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി ഇതുവരെ ജന്ദർ മന്ദറിലെ സമരവേദി സന്ദർശിച്ചിട്ടില്ലെങ്കിലും, വൈകിയാണെങ്കിലും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം പങ്ക് വഹിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബേബി പറഞ്ഞു. സമരത്തെ കുറിച്ച് ഇടതുപക്ഷത്തിന് യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്നും കഴിവുള്ളവർക്ക് രാഷ്ട്രീയത്തില്‍ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച് 72 വയസ്സുള്ള താനും സമരമുഖത്തുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.






