തിരുവനന്തപുരം: മാനവീയം വീഥിയിലെ ഗ്യാനേഷ് കുമാര് വിരുദ്ധ പ്രതിഷേധ പരിപാടിയിലെ പൊലീസ് നടപടിയെ ചൊല്ലി വിവാദം.
നടൻ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്ക് മുൻപ് പൊലീസെത്തി മൈക്ക് സെറ്റ് ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചെന്നാണ് പ്രതിഷേധക്കാരുടെ പരാതി.
കോർപ്പറേഷന്റെ അനുമതിയില്ലെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ നടപടി. പ്രതിഷേധക്കാർ പൊലീസിനെ തടഞ്ഞത്തോടെ വാക്കേറ്റമായി.
പ്രതിഷേധത്തെ തുടർന്ന് പൊലീസ് മൈക്ക് പിടിച്ചെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. പരിപാടി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ പൊലീസിന് കത്ത് നല്കിയിരുന്നു.
സംഭവത്തില് പൊലീസിനോട് വിശദീകരണം തേടുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് പ്രതികരിച്ചു.
സംഘാടകർ കോർപറേഷൻ്റെ അനുമതി വാങ്ങിയിരുന്നില്ല. പൊലീസിനോട് നടപടി ആവശ്യപ്പെട്ട് കത്ത് നല്കിയിരുന്നതാണ്. പിന്നെ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില് പൊലീസിനോട് വ്യക്തത തേടുമെന്നും തുടർനടപടി ഉണ്ടാകുമെന്നും വി വി രാജേഷ് അറിയിച്ചു.






