തിരുവനന്തപുരം: 37 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ.
ഇന്ന് പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. ഇതാദ്യമാണ് സർക്കാർ മുൻകൈയെടുത്ത് ചർച്ചയ്ക്ക് വിളിക്കുന്നത്. സമരസമിതി ഇതുവരെ ഏഴു തവണ സർക്കാരിനെ കണ്ടിരുന്നു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ സമരവുമായി വീണ്ടും രംഗത്തെത്തിയത്.
ഇടത് സർക്കാറിന്റെ അവസാന കാലത്തും ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എത്തിയിരുന്നു.
2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
പല ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാർഥികൾ പറയുന്നു.
കഴിഞ്ഞ വർഷം മെയ് 31നാണ് എൽപി സ്കൂൾ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചത്. എന്നാൽ ലിസ്റ്റ് വന്ന് ഒരു വർഷം പിന്നിടുമ്പോഴും നിയമനം അനിശ്ചിതത്വത്തിലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം.






