കോട്ടയം: ലൂർദ് പബ്ലിക് സ്കൂളിൽ ജൂലൈ 28 മുതൽ 31 വരെ നടന്ന ലൂർദിയൻ ബാസ്കറ്റ്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച സ്പോർട്സ് വാർത്താചിത്രത്തിനുള്ള ലൂർദിയൻ ബാസ്കറ്റ്ബോൾ ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു.
മലയാള മനോരമയിലെ സീനിയർ ഫോട്ടോഗ്രാഫർ ജിതിൻ ജോയൽ ഹാരിം ഒന്നാം സ്ഥാനത്തിന് അർഹനായി. ഓഗസ്റ്റ് ഒന്നിന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമാക്കിയത്. 10,001 രൂപയും ഫലകവുമാണ് ഒന്നാം സമ്മാനം.
ഓഗസ്റ്റ് ഒന്നിന് മംഗളം പത്രത്തിൽ പ്രസിദ്ധീകരിച്ച ജി. വിപിൻകുമാറിന്റെ ചിത്രം രണ്ടാം സ്ഥാനത്തിന് അർഹമായി. 7,501 രൂപയും ഫലകവുമാണ് സമ്മാനം.
മൂന്നാം സ്ഥാനത്തിന് കേരള കൗമുദിയിൽ ജൂലൈ 31ന് പ്രസിദ്ധീകരിച്ച സെബിൻ ജോർജിന്റെ ചിത്രവും, ജൂലൈ 29ന് പ്രസിദ്ധീകരിച്ച ശ്രീകുമാർ ആലപ്രയുടെ ചിത്രവും അർഹമായി. 5,001 രൂപയും ഫലകവുമാണ് മൂന്നാം സമ്മാനം.
മികച്ച സ്പോർട്സ് വാർത്താ വീഡിയോഗ്രഫി അവാർഡിൽ മാതൃഭൂമി ചാനൽ ഒന്നാം സ്ഥാനം നേടി. റിപ്പോർട്ടർ ഷിനോജും ക്യാമറാമാൻ ജോബിൻ തേക്കടിയുമാണ് പുരസ്കാരത്തിന് അർഹരായത്. 10,001 രൂപയും ഫലകവുമാണ് സമ്മാനം.
എ.സി.വി ചാനലിനാണ് വീഡിയോഗ്രഫിയിൽ രണ്ടാം സ്ഥാനം. റിപ്പോർട്ടർ നാരായണനും ക്യാമറാമാൻ ബിനു മോഹനും പുരസ്കാരത്തിന് അർഹരായി. 7,501 രൂപയും ഫലകവുമാണ് രണ്ടാം സമ്മാനം.
ടൈംസ് ഓഫ് ഇന്ത്യ റിട്ടയേർഡ് ഫോട്ടോ ജേർണലിസ്റ്റ് ഗിരീഷ് കുമാർ പി.ജെ., ടൈംസ് ഓഫ് ഇന്ത്യ സ്പെഷ്യൽ കറസ്പോണ്ടന്റ് ജയ്കൃഷ്ണൻ നായർ, ഫോട്ടോ വൈഡ് മാഗസിൻ മാനേജിങ് എഡിറ്റർ എ.പി. ജോയി എന്നിവർ ഉൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അവാർഡുകൾ പിന്നീട് ലൂർദ് പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.






