പാലക്കാട്: ഇത്തവണത്തെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനത്തുക വിജയിയായ വ്യക്തി കഴിഞ്ഞ ദിവസം കൈപ്പറ്റിക്കഴിഞ്ഞു.
ഒന്നാം സമ്മാനമായ 30 കോടി കണ്ണൂരില്‍ വിറ്റ ടിക്കറ്റിനാണ് അടിച്ചത്. എന്നാല്‍ ഒന്നാം സമ്മാനാര്ഹന് പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരിലെ ബാങ്ക് മുഖേനെ ടിക്കറ്റ് സമര്‍പ്പിച്ച് തുക കൈപ്പറ്റിയെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കുന്നു.
അതിനിടയിലാണ് ഒന്നാം സമ്മാനം അടിച്ചത് തനിക്കാണ് എന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി സാദിഖ് പാലക്കാട് എസ് പി ഓഫീസില്‍ പരാതിയുമായി എത്തിയത്. ഫോണിലെടുത്ത ടിക്കറ്റിന്റെ ഫോട്ടോ മാത്രമാണ് സാദിഖിന്റെ കയ്യില്‍ തെളിവായിട്ടുളളത്.
ഒന്നാം സമ്മാനാര്‍ഹമായ ടിഎല്‍ 360615 എന്ന ടിക്കറ്റിന്റെ ഫോണില്‍ എടുത്ത ഫോട്ടോയാണ് സാദിഖിന്റെ കയ്യിലുളളത്. ഇത് കഴിഞ്ഞ മാസം 26ാം തിയ്യതി എടുത്ത ഫോട്ടോ ആണെന്നും ഇവര്‍ പറയുന്നു. ടിക്കറ്റ് വാങ്ങിയാല്‍ ഫോട്ടോ എടുക്കുന്ന പതിവുണ്ടെന്നും അത്തരത്തില്‍ എടുത്തതാണെന്നും ഇത് സമ്മാനാര്ഹമാണോ എന്ന് നോക്കാന്‍ ബന്ധുവിന് വാട്സ്ആപ്പില്‍ അയച്ച് കൊടുത്തിരുന്നുവെന്നും സാദിഖ് പറയുന്നു.
ഈറോഡ് സത്യമംഗലം സ്വദേശിയാണ് സാദിഖ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു സംഘമായാണ് സാദിഖ് എസ് പി ഓഫീസില്‍ എത്തിയത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ടിക്കറ്റ് വാങ്ങിയതെന്നും അന്ന് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയിരുന്നുവെന്നും അതില്‍ ഒന്നിന് രണ്ടായിരം രൂപ സമ്മാനം ലഭിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. രണ്ടാമത്തെ ടിക്കറ്റ് പഴ്സില്‍ വെച്ചിരുന്നുവെന്നും പഴ്സ് കാണാനില്ലെന്നും സാദിഖ് പറഞ്ഞു.
ഓണം ബമ്പറില്‍ മാരക ട്വിസ്റ്റ്, 30 കോടിയുടെ യഥാർത്ഥ അവകാശി തമിഴ്നാട് സ്വദേശി? ടിക്കറ്റ് കളഞ്ഞ് പോയെന്ന്!
ഈറോഡില്‍ വെച്ച് കാണാതായ ടിക്കറ്റിന് എങ്ങനെയാണ് ഇവിടെ സമ്മാനത്തുക കൈമാറിയത് എന്നും ഇവര്‍ ചോദിക്കുന്നു. വീട്ടിലും ബന്ധുവീടുകളിലും അടക്കം ടിക്കറ്റ് തിരഞ്ഞുവെങ്കില് കിട്ടിയില്ലെന്നും അതാണ് കേരളത്തിലേക്ക് വരാനും പരാതി നല്‍കാനും വൈകിയത് എന്നും ഇവര്‍ പറയുന്നു. അതേസമയം ഒന്നാം സമ്മാനം ലഭിച്ചുവെന്ന് പറയുന്ന ടിക്കറ്റിന്റെ ഫോട്ടോയിലെ ബാര്‍കോഡ് സ്കാന്‍ ചെയ്തതോടെ ഇത് വ്യാജ ടിക്കറ്റ് ആണെന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്.
ഒരേ ആളില്‍ നിന്ന് വാങ്ങിയ രണ്ട് ടിക്കറ്റില്‍ ഒന്നിന് സമ്മാനം ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ രണ്ടാമത്തേത് എങ്ങനെ വ്യാജമാകുമെന്നും ഇവര്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ പോലീസ് വ്യക്തമായ അന്വേഷണം നടത്തണമെന്നും സാദിഖും കുടുംബവും ആവശ്യപ്പെടുന്നു.






