കോഴിക്കോട്: കൈവേലിയില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയില്‍ തീപിടിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെ കക്കട്ടില്‍ കെ-മാളിന് മുന്നിലായിരുന്നു സംഭവം.ലോറി വൈദ്യുതി ലൈനില്‍ തട്ടി സ്പാർക്ക് ഉണ്ടായതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. പിന്നാലെ തീ ലോറിയിലേക്കും പടർന്നു. തീപിടിച്ച വാഹനം കയറ്റത്തില്‍ നിർത്തിയതിനിടെ എയർ ടാങ്ക് പൊട്ടുകയും ലോറി നിരങ്ങി നീങ്ങുകയും ചെയ്തത് സമീപവാസികളിലും വ്യാപാരികളിലും പരിഭ്രാന്തി സൃഷ്ടിച്ചു.വിവരമറിഞ്ഞ് നാദാപുരം അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലൈജു ഐസെക്കിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകളുമായി സ്ഥലത്തെത്തി. ഏകദേശം 30 മിനിറ്റ് നീണ്ട പ്രവർത്തനത്തിനൊടുവില് തീ പൂർണമായും അണച്ചു.ലോറിയില്‍ നിന്ന് റോഡിലേക്ക് വീണ് കത്തിയ ആക്രി സാധനങ്ങളിലെയും തീ അണച്ച ശേഷം അവ നീക്കം ചെയ്തു.
ലോറിയില്‍ നിന്ന് പൊട്ടിത്തെറിച്ച് വീണ വസ്തുവില്നിന്ന് റോഡരികിലെ കടയുടെ ഭാഗത്ത് ഹരിതകർമ സേന ശേഖരിച്ച് വെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനും തീപിടിച്ചിരുന്നു. ഇതും അഗ്നിരക്ഷാസേന പൂർണമായും അണച്ചു.സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാൻ അഗ്നിരക്ഷാസേന സമയോചിതമായി ഇടപെട്ടത് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചു. കെ-മാളിലെ ഹൈഡ്രന്റ് പൈപ്പില്‍നിന്ന് വെള്ളം ലഭിച്ചതും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായകമായി. വൈദ്യുതി ലൈനില്‍ സ്പാർക്ക് ഉണ്ടായ ഉടൻ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാല്‍ ആളപായവും ഒഴിവായി.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആദർശ് വി.കെ., സുദീപ് എസ്.ഡി., ശികിലേഷ് കെ.കെ., ലിനീഷ് മര്യാട്, രാകേഷ് പി.കെ., അഖില്‍ എൻ.കെ., അഖിലേഷ്, ശ്രീരൂപ്, ഹോം ഗാർഡ് ഷിനു പി. എന്നിവർ രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു






