നോയ്ഡ: ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ ഗൗരവ് ഗൗതം സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നോയ്ഡ സെക്ടർ 82ലെ കേന്ദ്രീയ വിഹാർ മേഖലയിലെ ഫ്ലാറ്റിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഗൗരവിനെ കണ്ടെത്തിയത്.
ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുറിപ്പിൽ വായ്പയുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ടെന്നാണ് പ്രാഥമിക വിവരം. കുറിപ്പിലെ ഉള്ളടക്കം വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ഗൗരവിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയ നിലയിൽ കണ്ടെത്തിയതോടെ സംശയം തോന്നി സെക്യൂരിറ്റി ഗാർഡിന്റെ സഹായത്തോടെ അകത്ത് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഫോറൻസിക് സംഘവും ലോക്കൽ പൊലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






