മലപ്പുറം: ചുണ്ടിൽ ചായമില്ലാതെ കോളേജുകളിലും സ്കൂളുകളിലും പോകാൻ മടിക്കുന്ന യുവതലമുറയിൽ നിന്ന് വ്യത്യസ്തനാണ് മലപ്പുറത്തെ
ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ടി.ടി.ഐ).
ചുമരിലെ ലിപ്സ്റ്റിക് കറകളിൽ നിന്നുള്ള ചർച്ചകൾക്കൊടുവിലാണ് ആഗസ്റ്റ് 15 മുതൽ കോളേജ് ലിപ്സ്റ്റിക് മുക്തമായത്.
ജൂലായിൽ ചുമതലയേറ്റ പ്രിൻസിപ്പൽ റോജൻ, ലിപ്സ്റ്റിക്കിന്റെ ഗുണനിലവാരവും അതുണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങളും അസംബ്ലിയിൽ ചർച്ചയ്ക്കു വച്ചതാണ് തുടക്കം.
388 പേരിൽ 90 ശതമാനവും പെൺകുട്ടികളായ സ്ഥാപനത്തിൽ അദ്ധ്യാപകരും ലിപ്സ്റ്റിക് രഹിത ക്യാമ്പസെന്ന ആശയത്തെ പിന്തുണച്ചു.
സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഗുണനിലവാരം, അവയിലെ ഘടകങ്ങൾ, ഉപയോഗം മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടുകളും വിദ്യാർത്ഥികൾക്കു മുന്നിലെത്തിച്ചു.
വിഷയം കൂടുതൽ മനസിലാക്കി സ്വന്തം അഭിപ്രായം രൂപപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് 15 ദിവസവും നൽകി.
ചർച്ചകൾക്കും ബോധവത്കരണത്തിനും പിന്നാലെ ലിപ്സ്റ്റിക് ഉപയോഗം വിദ്യാർത്ഥികൾ ഘട്ടംഘട്ടമായി കുറച്ചു.
ഒടുവിൽ ആഗസ്റ്റ് 15ലെ പ്രഖ്യാപനത്തോടെ ലിപ്സ്റ്റിക് രഹിത ക്യാമ്പസായി.
ആരോഗ്യത്തിന് മുൻഗണനടീച്ചിംഗ് പ്രാക്ടീസിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽ പോകുമ്പോഴും വിദ്യാർത്ഥികൾ ലിപ്സ്റ്റിക് ഉപയോഗിക്കാറില്ല.
ആരോഗ്യത്തിന് മുൻഗണന നൽകണമെന്ന ചിന്തയാണ് ഇതിനു പിന്നിലുള്ളത്.
ഭാവിയിൽ അദ്ധ്യാപകരാകേണ്ട തങ്ങൾ സമൂഹത്തിന് നല്ല സന്ദേശം നൽകണമെന്നും അതിന് സ്വന്തം ക്യാമ്പസിൽ നിന്നുതന്നെ മാറ്റം തുടങ്ങണമെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്
നിർബന്ധമോ അച്ചടക്ക നടപടികളോ ഇല്ലാതെയാണ് വിദ്യാർത്ഥികൾ തീരുമാനമെടുത്തത്.






