കോട്ടയം: ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ തയ്യാറാക്കുന്ന ഉപ്പേരി, ശർക്കരവരട്ടി, പായസമുള്‍പ്പെടെ ലൈസൻസില്ലാതെ വില്‍ക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ക്ക് ആവശ്യക്കാർ ഏറെയാണ്. ഇതു മുതലെടുത്ത് പലരും വീടുകളിലും റോഡരികില്‍ നിറുത്തിയിട്ടിരിക്കുന്ന കാറുകളിലും മറ്റുമായി വില്‍ക്കുന്നുണ്ട്.
പായ്ക്കറ്റിന്റെ പുറത്ത് ഭക്ഷണം പായ്ക്ക് ചെയ്ത തീയതിയും സമയവും രേഖപ്പെടുത്തിയിരിക്കണം. ഓണാഘോഷങ്ങള്‍, വിവിധ സംഘടനകളുടെ പരിപാടികള്‍, സ്ഥാപനങ്ങളിലെ ഓണസദ്യകള് തുടങ്ങിയവയ്ക്കായി പാകംചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്ന് മാത്രമേ വാങ്ങാവൂ.
വ്യക്തികളുടെ വിശ്വാസ്യത മാത്രം കണക്കിലെടുത്ത് ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്തവരില്‍നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.






