കോഴിക്കോട്: ആളുകളെ ആക്രമിച്ചതായും മൊബൈല്‍ ഫോണില്‍ യുവാവ് പകർത്തിയ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെ തെളിവുകളുണ്ടായിട്ടും നാല് ദിവസമായും പുലിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് നാദാപുരം കുമ്മങ്കോട്ടില്‍ ജനങ്ങള്‍ ആശങ്കയില്‍.
ബുധനാഴ്ച പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് ഇരുമ്പുകൂട് സ്ഥാപിച്ചെങ്കിലും ഇതുവരെ പുലിയെ ലഭിച്ചിട്ടില്ല. പുലിയുടെ സാന്നിധ്യം സംബന്ധിച്ച ആശങ്കയെ തുടർന്ന് മൂന്ന് ദിവസമായി കുമ്മങ്കോട് എല്‍.പി. സ്കൂളുകളും മദ്രസകളും അടഞ്ഞുകിടക്കുകയാണ്.
കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. അതേസമയം, പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും ജനങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യമായ ജാഗ്രത ഉണ്ടാകുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
കുറ്റ്യാടി ഫോറസ്റ്റർ പ്രശാന്തിന്റെ നേതൃത്വത്തില്‍ വനംവകുപ്പിന്റെ ദ്രുതകർമ സേനയും വനപാലകരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പുലിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള നടപടികള്‍ തുടരുകയാണ്.
കഴിഞ്ഞദിവസം രാത്രിയില്‍ ചെക്യാട് പഞ്ചായത്തിലെ തൈക്കണ്ടിയില്‍ മുക്കിലും പുലിയിറങ്ങിയെന്ന പ്രചാരണം പ്രദേശവാസികളെ ഭീതിയിലാക്കിയിരുന്നു. സൈക്കിളില്‍ പോകുന്നതിനിടെ പുലിയെ കണ്ടതായി ഒരു സ്കൂള്‍ വിദ്യാർഥി പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെ നാദാപുരം രണ്ടാം വാർഡില്‍ ഇയ്യങ്കോട് പുഴയോട് ചേർന്ന് വീടിന് സമീപം പുലിയുടെ സാന്നിധ്യം സംശയിക്കുന്നതായി നാട്ടുകാർ അറിയിച്ചു.
തുടർന്ന് നൂറുകണക്കിന് പേരാണ് പ്രദേശത്ത് തിരച്ചിലിനിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതിനിടെ എ.ഐ. നിർമിത ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ബുധനാഴ്ച രാത്രി പുലിയിറങ്ങിയെന്ന തരത്തില്‍ പ്രചരിച്ച വിവരങ്ങളും ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചിരുന്നു.
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാദാപുരം ഡിവൈഎസ്പി പി.എം. മനോജ് പറഞ്ഞു. അതേസമയം, പുലിയെ കണ്ടെത്താത്ത സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ആശങ്ക തുടരുകയാണ്. സ്കൂളുകളും മദ്രസകളും മൂന്ന് ദിവസമായി അടഞ്ഞുകിടക്കുന്നതിനാല്‍ കുട്ടികളുടെ പഠനവും ബാധിക്കപ്പെടുന്നതില്‍ രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.






