തിരുവനന്തപുരം: ചെറുനാരങ്ങയുടെ വില കുത്തനെ ഉയരുന്നു. പൊതുവിപണിയിൽ കിലോയ്ക്ക് 200-280 രൂപ. ജൂലായിൽ 80-90 രൂപയായിരുന്നു.
ഓണത്തിന് മുമ്പ് 120 രൂപയായി. അവിടെ നിന്നാണ് വിലക്കുതിപ്പ്. ഒരു ചെറുനാരങ്ങയ്ക്ക് 10-15 രൂപ വരെ ഈടാക്കുന്നുണ്ട്.
ഓണവും വിവാഹ സീസണും കാരണം ചിങ്ങമാസത്തിൽ പൊതുവേ നാരങ്ങാവില കൂടാറുണ്ടെങ്കിലും സീസൺ അവസാനിക്കാറാകുമ്പോൾ വില കുറയുകയാണ് പതിവ്.
എന്നാൽ, ആ ട്രെൻഡ് കാണുന്നില്ല. ലഭ്യതക്കുറവും ചൂട് ക്രമാതീതമായി ഉയർന്നതും വില ഇനിയും കൂടാനിടയാക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
നാരങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം. നേരത്തെ ആന്ധ്രയിൽ നിന്നായിരുന്നു വലിയ തോതിൽ ചെറുനാരങ്ങ എത്തിയിരുന്നത്.
ഉത്പാദനം കുറഞ്ഞതോടെ തമിഴ്നാട് വിപണിയെ ആശ്രയിക്കേണ്ടിവന്നു. തമിഴ്നാട്ടിൽനിന്നുള്ള വരവും കുറഞ്ഞതോടെ ലഭ്യത കുറഞ്ഞു.
തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്നുള്ള നാരങ്ങയാണ് ഇപ്പോൾ കേരള വിപണികളിൽ കൂടുതലായി എത്തുന്നത്. വലുപ്പം കൂടുതലും എളുപ്പത്തിൽ കേടാകാത്തതുമാണ് ഇതിന് ആവശ്യക്കാരേറാൻ കാരണം. ജ്യൂസ് കടകളിലും ഹോട്ടലുകളിലും ഈ നാരങ്ങയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.






