കൊച്ചി: അവയവക്കച്ചവടക്കേസില്‍ മുഖ്യപ്രതി നജീബിന്റെ സ്ഥാപനത്തിന് ലേക്ഷോര് ആശുപത്രി കമ്മീഷന് നല്‍കിയിരുന്നുവെന്ന് തെളിയിക്കുന്ന കരാര്‍ രേഖകള്‍ പുറത്ത്. ആശുപത്രിയും നജീബിന്റെ സ്ഥാപനമായ കല്ലട്രാസ് മെഡിക്കല്‍ ടൂറിസവും തമ്മില്‍ ഒപ്പുവെച്ച പേഷ്യന്റ് ഫെസിലിറ്റേറ്റര്‍ കരാറിന്റെ പകര്‍പ്പാണ് പുറത്തായത്.
കരാര്‍ പ്രകാരം, ആശുപത്രിയുടെ ചികിത്സാ സേവനങ്ങള്‍ക്കായി രോഗികളെ എത്തിക്കുന്ന ഏജന്റായാണ് കല്ലട്രാസ് മെഡിക്കല്‍ ടൂറിസം പ്രവര്‍ത്തിച്ചിരുന്നത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി എത്തിക്കുന്ന ഓരോ രോഗിക്കും ഒരു ലക്ഷം രൂപയും, വൃക്ക മാറ്റിവയ്ക്കലിന് എത്തിക്കുന്ന ഓരോ രോഗിക്കും 50,000 രൂപയും കമ്മീഷനായി നല്‍കുമെന്നാണ് വ്യവസ്ഥ. മറ്റ് കിടത്തി ചികിത്സകള്‍ക്കായി എത്തിക്കുന്ന രോഗികളുടെ ആകെ ബില്ലിന്റെ 10 ശതമാനവും കമ്മീഷനായി നല്‍കുമെന്നും കരാറില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10-നാണ് ലേക്ഷോര് ആശുപത്രിയും കല്ലട്രാസ് മെഡിക്കല്‍ ടൂറിസവും തമ്മില്‍ ഈ കരാര്‍ ഒപ്പുവെച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്ന ഈ രേഖകള്‍ കേസില്‍ നിര്‍ണായക തെളിവായി വിലയിരുത്തപ്പെടുന്നു.






