കോട്ടയം: വാച്ച് ധരിക്കാൻ ഇഷ്ടമുളള മിക്കവർക്കും മെറ്റല്‍ സ്ട്രാപ്പുകളേക്കാള് താല്പര്യം ലെതർ സ്ട്രാപ്പുകളോടാണ്. ഒരു പ്രത്യേക ഭംഗിയുണ്ട് ലെതർ സ്ട്രാപ്പ് വാച്ചുകള്‍ക്ക്.
എന്നാല്‍ ഏറ്റവും വേഗത്തില്‍ കേടുപാടുകള്‍ വരുന്നതും ലെതർ സ്ട്രാപ്പിനാണ്. വിയർപ്പ്, വെള്ളം, സൂര്യപ്രകാശം, ഉരസല്‍ ഒക്കെ ഇതിന് കാരണമാകുന്നു.
ലെതർ സ്ട്രാപ്പ് എങ്ങനെ കേട് കൂടാതെ കൂടുതല്‍ കാലം ഭംഗിയായി സൂക്ഷിക്കാൻ സാധിക്കും? അതിനുളള ലളിതമായ ചില വഴികളിതാ...
ലെതറിന്റെ ഏറ്റവും വലിയ ശത്രു വെള്ളമാണ്. വാച്ച് വാട്ടർ റെസിസ്റ്റന്റ് ആണെങ്കില്‍ പോലും സ്ട്രാപ്പ് പലപ്പോഴും അങ്ങനെയായിരിക്കില്ല.
നനഞ്ഞാല്‍ സ്ട്രാപ്പ് കട്ടിയാകാനും കറ പിടിക്കാനും ദുർഗന്ധം വരാനും ഇടയുണ്ട്. കൈ കഴുകുമ്പോഴും കുളിക്കുമ്പോഴും നീന്തുമ്പോഴും വ്യായാമം ചെയ്യുമ്പോഴും വാച്ച് അഴിച്ചുവെക്കുക. ഇനി സ്ട്രാപ്പ് നനഞ്ഞുപോയാല്‍ നേരിയ തുണി കൊണ്ട് പതുക്കെ ഒപ്പി ഉണക്കുക.
ലെതർ സ്ട്രാപ്പ് വാച്ച് എപ്പോഴും ഉപയോഗിച്ച ശേഷം തുടച്ചു വൃത്തിയാക്കുക. വിയർപ്പും ദേഹത്തെ എണ്ണമയവും ലെതറിനുള്ളിലേക്ക് ആഴ്ന്നിറങ്ങി അതിനെ പതുക്കെ കേടാക്കാനുളള സാധ്യതയുണ്ട്. സ്ട്രാപ്പിന്റെ ഇരുവശങ്ങളും ഉണങ്ങിയ മൈക്രോഫൈബർ തുണി കൊണ്ട് തുടയ്ക്കുക. പെർഫ്യൂം, ഹാൻഡ് സാനിറ്റൈസർ, ലോഷൻ എന്നിവ സ്ട്രാപ്പില്‍ തട്ടാതെ ശ്രദ്ധിക്കുക. ലെതർ മൃദുവായിരിക്കാൻ കണ്ടീഷണർ ഉപയോഗിക്കുക.
ഏതാനും മാസം കൂടുമ്പോള്‍ മാത്രം ഇത് ചെയ്താല്‍ മതിയാകും. വാച്ച് സ്ട്രാപ്പുകള്ക്കോ മികച്ച ലെതറിനോ വേണ്ടിയുള്ള കണ്ടീഷണർ വളരെ കുറച്ച് എടുത്ത് തുണി കൊണ്ട് തേച്ച് പിടിപ്പിക്കുക. അതിന് ശേഷം തുടച്ച് കളയുക.
എല്ലാ ദിവസവും ഒരേ സ്ട്രാപ്പ് തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം. സാധിക്കുമെങ്കില്‍ രണ്ട് സ്ട്രാപ്പുകള്‍ അല്ലെങ്കില്‍ രണ്ട് വാച്ചുകള്‍ മാറിമാറി ഉപയോഗിക്കുക. അങ്ങനെയാകുമ്പോള്‍ ലെതർ സ്ട്രാപ്പിന് ഈർപ്പം ഉണങ്ങാനുളള സമയം ലഭിക്കും.
ജിമ്മില്‍ പോകുമ്പോഴും ചൂടുള്ള ദിവസങ്ങളിലും ലെതർ സ്ട്രാപ്പ് അല്ലാത്ത വാച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ഉപയോഗിക്കാത്തപ്പോള്‍ വാച്ച് ബോക്സിലോ പൗച്ചിലോ സൂക്ഷിക്കുക. നേരിട്ടുള്ള വെയില്, ചൂട്, ഈർപ്പം എന്നിവ കൊള്ളിക്കരുത്. ചൂടുള്ള കാറിനുള്ളിലോ പ്ലാസ്റ്റിക് ബാഗിലോ ലെതർ സ്ട്രാപ്പ് ഉളള വാച്ച് സൂക്ഷിക്കരുത്.






