കോട്ടയം: വേമ്പനാട്ടുകായലിന്റെ പരിസ്ഥിതിയും ജല ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനൊപ്പം കുട്ടനാട്ടിലെ കാർഷിക രീതികളിലും സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് പുതിയ കാർഷിക കലണ്ടർ തയ്യാറാക്കാൻ ഒരുങ്ങുന്നു.
കേരള തണ്ണീർത്തട അതോറിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വേമ്പനാട്-കോൾ റാംസർ സൈറ്റ് സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ കലണ്ടർ രൂപീകരിക്കുന്നത്. കോട്ടയം ജില്ല ഉൾപ്പെടെ കുട്ടനാട് മേഖലയിലെ കൃഷിയെയും വേമ്പനാട്ടുകായലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെയും ഒരുപോലെ സംരക്ഷിക്കുന്ന തരത്തിലാകും പുതിയ കാർഷിക കലണ്ടർ തയ്യാറാക്കുക.
ഇതിന്റെ ഭാഗമായി തണ്ണീർമുക്കം ബണ്ട് തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള നിലവിലെ ക്രമീകരണങ്ങളും ശാസ്ത്രീയമായി പുനഃക്രമീകരിക്കും. വിശദമായ പഠനങ്ങൾക്ക് ശേഷമായിരിക്കും അന്തിമ കാർഷിക കലണ്ടർ പ്രഖ്യാപിക്കുക.
വേമ്പനാട്-കോൾ റാംസർ സൈറ്റിന്റെ ദീർഘകാല സംരക്ഷണം ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. സാമ്പത്തിക-സാങ്കേതിക അനുമതി ലഭിക്കുന്നതോടെ കാർഷിക കലണ്ടർ ഉൾപ്പെടെയുള്ള വിവിധ സംരക്ഷണ പ്രവർത്തനങ്ങൾ കേരള തണ്ണീർത്തട അതോറിറ്റി ആരംഭിക്കും.
പദ്ധതിക്കായി ആകെ 180.45 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 160.7 കോടി രൂപ നാഷണൽ പ്ലാൻ ഫോർ കൺസർവേഷൻ ഓഫ് അക്വാട്ടിക് ഇക്കോ സിസ്റ്റം (NPCA) പദ്ധതിയിൽ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. ശേഷിക്കുന്ന 19.75 കോടി രൂപ വിവിധ വകുപ്പുകളുടെ ഫണ്ടുകൾ വഴിയാണ് കണ്ടെത്തുക.
നിലവിൽ കുട്ടനാട്ടിൽ ഔദ്യോഗിക കാർഷിക കലണ്ടർ പൂർണമായി പാലിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായി കൃഷിയും കൊയ്ത്തും നടക്കുന്നതിനാൽ ജലനിയന്ത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വെല്ലുവിളികൾ ഉയരുന്നുണ്ട്. ഈ സാഹചര്യം മാറ്റി ശാസ്ത്രീയവും ഏകോപിതവുമായ കാർഷിക ക്രമീകരണം നടപ്പാക്കുക എന്നതാണ് പുതിയ കലണ്ടറിന്റെ ലക്ഷ്യം.
കോട്ടയം ജില്ലയിലെ കുട്ടനാട് മേഖല ഉൾപ്പെടെ ഏകദേശം 90,000 കർഷകർക്ക് പുതിയ കാർഷിക കലണ്ടറിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. കൃഷിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം വേമ്പനാട്ടുകായലിന്റെ ജൈവവൈവിധ്യവും പരിസ്ഥിതി സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിലും പുതിയ നടപടികൾ നിർണായകമാകുമെന്നാണ് പ്രതീക്ഷ.






