കോട്ടയം : കാനഡയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ചിങ്ങവനം പോലീസ് തമിഴ്നാട്ടില്‍ നിന്നാണ് പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പോസ്റ്റല്‍ അതിര്‍ത്തിയില്‍ വില്യം ജോര്‍ജ് ആണു പിടിയിലായത്.
ഇയാളെ തമിഴ്നാട്ടിലെ മേട്ടുപാളയത്തുള്ള വാടകവീട്ടില്‍ നിന്നാണ് ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തത്. പനച്ചിക്കാട് ചോഴിയക്കാട് സ്വദേശിയായ ജെറിന് മാത്യുവിന് കാനഡയില്‍ ഡ്രൈവര്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി 2023 സെപ്റ്റംബര്‍ മുതല്‍ 2024 മേയ് വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി 5,37,500 രൂപ കൈപ്പറ്റിയത്.
പിന്നാലെ ജോലി ലഭ്യമാക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ കബളിപ്പിച്ചെന്നാണ് പരാതി. ഇതിനെ തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തകേസിലാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവി കെഎം സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം ചിങ്ങവനം സേ്റ്റഷന് ഇന്‍സ്പെക്ടര്‍ എസ്. പ്രദീപിന്റെ നേതൃത്വത്തില്‍ എസ്ഐ എസ് കൃഷ്ണകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ സുമേഷ് കെ സുധാകരന്, സാല്‍ബിന്‍ കെ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേർന്നാണ് പ്രതിയെ പിടികൂടിയത്.






