ലഖ്നോ: ഉത്തർപ്രദേശിലെ വാരണാസിയിലുള്ള ഒരു പ്ലേ സ്കൂളില്‍, ക്ലാസിനിടെ പാന്റില്‍ മൂത്രമൊഴിച്ചതിന് അഞ്ച് വയസ്സുകാരനായ കുട്ടിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി ഉപയോഗിച്ച് അധ്യാപിക പൊള്ളിച്ചതായി പരാതി.
കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.കുട്ടി പാന്റില്‍ മൂത്രമൊഴിച്ചതിനെ തുടർന്നാണ് അധ്യാപികയുടെ ക്രൂരത.
ക്ലാസിനിടെ ശുചിമുറിയില്‍ പോകണമെന്ന് കുട്ടി അധ്യാപികയോട് ആവശ്യപ്പെട്ടു. എന്നാല്‍, അധ്യാപിക അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ കുട്ടി പാന്റില്‍ അബദ്ധത്തില്‍ മൂത്രമൊഴിച്ചതിനാണ് അധ്യാപിക കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചൂടാക്കിയ കത്തി വെച്ചത്. അധ്യാപിക, സ്കൂള്‍ പ്രിൻസിപ്പല്‍, സ്കൂള്‍ മാനേജ്മെന്റ് എന്നിവർക്കെതിരെയാണ് ലാല്‍പുർ പാണ്ഡേപുർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ജൂലൈ 24ന് സെറീൻ സോണി പ്ലേ സ്കൂളിലാണ് സംഭവം. ക്ലാസിനിടെ കുട്ടി ശുചിമുറിയില്‍ പോകാൻ അധ്യാപികയോട് അനുമതി തേടി. എന്നാല്‍ അധ്യാപിക അത് നിഷേധിച്ചതോടെ കുട്ടി അബദ്ധത്തില്‍ പാന്റില്‍ മൂത്രമൊഴിക്കുകയായിരുന്നു. തുടർന്ന് അധ്യാപിക കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഗ്യാസ് സ്റ്റൗവില്‍ കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളിച്ചു. പിന്നാലെ മർദിക്കുകയും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പിതാവ് നല്കിയ പരാതിയില്‍ പറയുന്നു.
വീട്ടിലെത്തിയ കുട്ടി സ്വകാര്യഭാഗത്ത് കടുത്ത വേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളെ അറിയിച്ചു. പരിശോധിച്ചപ്പോള്‍ പൊള്ളല്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ അധ്യാപിക ശിക്ഷിച്ചതായി കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. അധ്യാപികയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ലെന്നും തുടർന്ന് സ്കൂള്‍ പ്രിൻസിപ്പലിനെ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയനാക്കി. കുട്ടിയുടെ മൊഴി, മെഡിക്കല്‍ റിപ്പോർട്ട്, മറ്റ് തെളിവുകള്‍ എന്നിവ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികള്‍ സ്വീകരിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവം പുറത്തുവന്നതോടെ സ്കൂളിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
വിഷയത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഉടൻ തന്നെ തുടർ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ആരോപണവിധേയനായ അധ്യാപകന്റെയോ സ്കൂള്‍ അധികൃതരുടെയോ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.






