കുമ്മനം : കുമ്മനം പുഴയോരം ഫെസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്യദിനാഘോഷവും പ്രളയ ദുരിതാശ്വാസ കിറ്റ് വിതരണവും ആഗസ്റ്റ് 15ന് രാവിലെ 7.30 മുതൽ നടക്കും. കുമ്മനം പാഴൂർ ഇവന്റ്സിൽ വച്ചാണ് പരിപാടി നടത്തുന്നത്.
സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് കൈതാങ്ങായി പ്രളയ ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യും. 6,7,8 വാർഡുകളിലെ ദുരിതമനുഭവിക്കുന്ന മുന്നൂറിലധികം പേർക്കാണ് കിറ്റുകൾ വിതരണം ചെയ്യുക.
കിറ്റിന് അർഹരായവർക്ക് മുൻകൂർ ടോക്കൺ നൽകുന്നതാണ്. ടോക്കൺ അടിസ്ഥാനത്തിൽ ആണ് കിറ്റ് വിതരണം നടത്തുക. വിപുലമായി നടത്താൻ നിശ്ചയിച്ചിരുന്ന ഓണാഘോഷ പരിപാടികൾ പൂർണ്ണമായും ഒഴിവാക്കിയാണ് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കുമ്മനം പുഴയോരം ഫെസ്റ്റ് കമ്മറ്റി തീരുമാനമെടുത്തത്.
തുടക്കത്തിൽ 100 കിറ്റുകൾ കൊടുക്കാനാണ് തീരുമാനിച്ചത്. പക്ഷെ നിരവധി ആളുകളുടെ ആത്മാർത്ഥമായ സഹകരണം കൊണ്ട് നിലവിൽ 300ലധികം കുടുംബങ്ങളിൽ കിറ്റ് എത്തിക്കാൻ കഴിയുമെന്നാണ് കമ്മിറ്റി അധികൃതർ വ്യക്തമാക്കുന്നത്. കൂടുതൽ പേരിലേക്ക് കിറ്റുകൾ എത്തിക്കാൻ ഉള്ള പരിശ്രമത്തിലാണ് കുമ്മനം പുഴയോരം ഫെസ്റ്റ് കമ്മിറ്റിയെന്ന് ഭാരവാഹികൾ അറിയിച്ചു.






