കുമാരനല്ലൂർ: കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മണിക്കൂറുകള്‍ക്ക് മുമ്പേ ഭക്തർ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേർന്നിരുന്നു.
കുമാരനല്ലൂർ ഇനി പത്തുനാള്‍ ഉത്സവലഹരിയിലാകും. തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തില്‍ കടിയക്കോല്‍ ശ്രീഹരി നമ്പൂതിരി കൊടിയേറ്റി.
സാംസ്കാരിക സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്‍വീനർ എസ്.സുരേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കഥകളി നടൻ ചമ്പക്കര വിജയകുമാറിന് കാർത്യായനീ പുരസ്കാരം സമർപ്പിച്ചു.
കലാപരിപാടികളുടെ ഉദ്ഘാടനം സംഗീതസംവിധായകൻ ശരത് നിർവഹിച്ചു. ചലച്ചിത്രതാരം മീനാക്ഷി അനൂപ് മുഖ്യാതിഥിയായി. തുടർന്നു ശരത്തിന്റെ സംഗീതക്കച്ചേരിയും നടന്നു.
ഇന്ന് മുതല്‍ എട്ടാം ഉത്സവം വരെ രാവിലെ 5.45ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പും എട്ടിന് തിരിച്ചെഴുന്നള്ളിപ്പും. 17, 19, 23 തീയതികളില്‍ രാവിലെ 11.30ന് ഉത്സവബലിദർശനം. 24ന് പുലർച്ചെ 3 മുതലാണ് തൃക്കാർത്തികദർശനം, വൈകിട്ട് 5.45ന് തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്. 25ന് ഉച്ചയ്ക്ക് 12.30ന് ആറാട്ട് ബലി, തുടർന്ന് നട്ടാശേരി ഇടത്തില്‍ മണപ്പുറം ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്.





