കുമരകം: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവൻ കോട്ടയം ജില്ലയിൽ ആദ്യമായി പ്രതിഷ്ഠാകർമ്മം നിർവഹിച്ച കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 122-ാമത് തിരുവുത്സവം 2027 ഫെബ്രുവരി 12 (മകരം 29) വെള്ളിയാഴ്ച കൊടിയേറി ഫെബ്രുവരി 19 (കുംഭം 7) വെള്ളിയാഴ്ച ആറാട്ടോടുകൂടി പര്യവസാനിക്കും.
ഫെബ്രുവരി 18 (കുംഭം 6) വ്യാഴാഴ്ച പള്ളിവേട്ട മഹോത്സവത്തോടൊപ്പം പുനഃപ്രതിഷ്ഠാദിനവും നടക്കും.
1 മുതൽ 4 വരെയുള്ള ദിവസങ്ങളിലെ ഉത്സവം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെയും, തുടർന്ന് 5 മുതൽ 8 വരെയുളള ദിവസങ്ങളിലെ ഉത്സവം 38, 154, 153, 155 എന്നീ എസ്.എൻ.ഡി.പി ശാഖകളുടെയും വകയായിട്ടാണ് ഉത്സവം കൊണ്ടാടുന്നത്.
എല്ലാ ഉത്സവ ദിവസങ്ങളിലും ദീപാരാധനയ്ക്കു ശേഷം വളരെ വിശേഷപ്പെട്ട ഭഗവാന്റെ തങ്കരഥത്തിൽ എഴുന്നള്ളിപ്പ് ദർശന പ്രാധാന്യമുള്ളതാണ്. തിരുവുത്സവം ആചാരപരവും ഭക്തിനിർഭരവുമായ ക്ഷേത്ര ചടങ്ങുകൾക്കൊപ്പം, വൈവിധ്യമാർന്ന കലാപരിപാടികൾ,വാദ്യമേളങ്ങൾ, വർണ്ണശബളവും ദീപാലംകൃതവുമായ കലാരൂപങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ഘോഷയാത്രകൾ തുടങ്ങിയവ ഭക്തജനങ്ങളെയും കലാപ്രേമികളെയും ക്ഷേത്ര സങ്കേതത്തിലേക്ക് ആകർഷിക്കുന്നു.
തിരുവുത്സവം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവരുടെ ദേശീയ ഉത്സവവുമായി മാറിയിരിക്കുകയാണ് .
തിരുവുത്സവ ദിവസങ്ങളിൽ സംസ്ഥാന സർക്കാർ വർഷങ്ങളായി ക്ഷേത്രവും പരിസരവും ഉത്സവമേഖലയായി പ്രഖ്യാപിച്ചു വരുന്നതും, വിജയകരമായ നടത്തിപ്പിന് മന്ത്രിയുടെ അധ്യക്ഷതയിൽ വിവിധവകുപ്പു മേധാവികളുടെ അവലോകനയോഗം ചേർന്നുവരുന്നതുമാണ്.
ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റ് അഡ്വ. എം എൻ പുഷ്കരനും സെക്രട്ടറി കെ ഡി സലിമോനും അറിയിച്ചു.






