കുമരകം: കുമരകത്ത് വർഷങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നാട്ടകം സുരേഷ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കുമരകം ഗ്രാമപഞ്ചായത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രദേശത്ത് കുടിവെള്ള വിതരണം നിരന്തരം തടസ്സപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. പ്രധാന പൈപ്പ് ലൈനിൽ തുടർച്ചയായുണ്ടാകുന്ന തകരാറുകളും കോണത്താറ്റ് പാലത്തിന് സമീപം തോട്ടിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ഉയർന്നു.
കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ എംഎൽഎ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വിഷ്ണു മണി എന്നിവരും യോഗത്തിൽ പങ്കെടുത്തു.






