കുമരകം: ഇല്ലിക്കൻ പാലം മുതൽ കുമരകം ഭാഗത്തേക്ക് ഇടവിട്ട് നടത്തുന്ന ടാറിംഗ് വാഹന യാത്രക്കാരെ വലച്ചു. ഉദ്യോഗസ്ഥരുൾപ്പടെയുള്ള യാത്രക്കാർ ഇന്ന് ഏറെ ബുദ്ധിമുട്ടി.അര മണിക്കൂറിലധികം ബ്ലോക്കിൽ പെട്ട യാത്രക്കാർ രോഷാകുലരായി. ഒരു മുന്നറിയിപ്പു നൽകിയിരുന്നെങ്കിൽ മറ്റു മാർഗങ്ങളിലൂടെ യാത്ര ചെയ്യുമായിരുന്നു എന്നാണ് യാത്രക്കാരുടെ നിലപാട്. സ്കൂട്ടർ യാത്രക്കാർ പോലും ബ്ലോക്കിൽ പെട്ടിരുന്നു. ബ്ലോക്കിൽ പെട്ട് വൈകിയ ബസ്സുകൾ ബ്ലോക്കുള്ള ഭാഗം പിന്നിട്ടതോടെ അപകടകരമായ രീതിയിൽ മരണപാച്ചിലിലായിരുന്നു. മറ്റു യാത്രക്കാരുടെ സുരക്ഷ പരിഗണിക്കാതെയുള്ള പാച്ചിൽ .
എന്തിനാണിപ്പോൾ ഈ ടാറിംഗ് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഇല്ലിക്കൽ മുതൽ പടിഞ്ഞാറോട്ട് റോഡ് വീതി കൂട്ടി വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ ഉയരം കൂട്ടി നിർമിക്കുമെന്നുമായിരുന്നു അറിയിപ്പ്. അതിനായി കുറെ ഭാഗത്ത് മഞ്ഞക്കുറ്റി നാട്ടി. ഇനിയും നാട്ടാനുള്ള കുറ്റികൾ കുമരത്തെ ഒരു പുരയിടത്തിൽ ഇറക്കിയിട്ടിട്ട് മാസങ്ങളായി.. കോണത്താറ്റു പാലം പണി കഴിഞ്ഞാലുടൻ റോഡു പണി ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പാലം പണി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നില്ല. റോഡുവികസനം നടത്തുന്നുണ്ടെങ്കിൽ ഇപ്പോൾ എന്തിനാണ് ഈ പഴ് പണി എന്നാണ് നാട്ടുകാരുടെ ചോദ്യം






