ശ്രീനഗർ: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സിആർപിഎഫ് ബൂത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയെന്ന് നിഗമനം.
കിഷ്താറില്‍ ഇന്നലെ കാണാതായ രണ്ട് സ്പെഷല്‍ പൊലീസ് ഓഫീസർമാരുടെ മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ വനമേഖലയില്‍ കണ്ടെത്തി. ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് സൂചന.
പാക്കിസ്ഥാന്റെ ഗൂഢാലോചനയാണെന്ന് ബിജെപി ആരോപിച്ചു. കശ്മീരില്‍ ജാഗ്രത കർശനമാക്കി.
ഇതിനിടെ ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ ഗ്രനേഡുമായി ഒരാള്‍ പിടിയിലായി. വനമേഖലയില്‍ ഒളിപ്പിച്ച നിലയിലാണ് ഗ്രനേഡ് കണ്ടെത്തിയത്. ബാദർകോട്ടെ വനമേഖലയിലാണ് ഇയാള്‍ പിടിയിലായത്.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജമ്മു കാശ്മീരില്‍ ആശങ്ക പടരുകയാണ്. ഇന്നലെ കുല്‍ഗാമിലെ മിർ ബസാറിന് സമീപം സിആർപിഎഫ് ബൂത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയാണെന്നാണ് പ്രാഥമിക നിഗമനം.
മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുഹമ്മദ് ലത്തീഫ് ഭട്ട് എന്ന ലഷ്കർ കമാൻഡറാണ് പിന്നിലെന്നാണ് സൂചന. നേരത്തെ മേഖലയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് കണ്ടെത്തിയിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് സിആർപിഎപ് ജവാൻമാരില് ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. അന്വേഷണത്തില്‍ സൈന്യം സംഭവ സ്ഥലത്തുനിന്ന് ഒരു മോട്ടറോള മൊബൈല്‍ ഫോണും സിം കാർഡും കണ്ടെടുത്തിട്ടുണ്ട്.






