കണ്ണൂർ: ഭാര്യയുടെ വീട്ടിലെത്തിയ യാൾ കൂത്തുപറമ്പ് മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. കണ്ണൂർ ചിറക്കല്‍ സ്വദേശിയായ കാർത്തിക് രോഹില്‍ (42) ആണ് മരിച്ചത്.
വ്യാഴാഴ്ച (ഓഗസ്റ്റ് 6) രാവിലെ 7.15-ഓടെയായിരുന്നു അപകടം സംഭവിച്ചത്. മമ്പറം കേളാലൂരിലെ ഭാര്യവീട്ടില്‍ സന്ദർശനത്തിനെത്തിയതായിരുന്നു കാർത്തിക്. ചെന്നൈയില്‍ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു.
രക്ഷാപ്രവർത്തനം വിഫലമായി
മമ്പറം കേളാലൂർ മഹാവിഷ്ണു - ഗണപതി ക്ഷേത്രക്കുളത്തില്‍ രാവിലെ കുളിക്കാനിറങ്ങിയതായിരുന്നു കാർത്തിക് രോഹില്‍. കുളത്തില്‍ ഇതേസമയം കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന മറ്റുള്ളവരാണ് ഇയാള്‍ അപ്രതീക്ഷിതമായി വെള്ളത്തില്‍ മുങ്ങിത്താഴുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ കൂത്തുപറമ്പ് ഫയർഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ പി ഷനിത്തിൻ്റെ നേതൃത്വത്തില്‍ സ്കൂബ ടീം ഉള്‍പ്പെടെ അതിവേഗം സ്ഥലത്തെത്തി കാർത്തിക്കിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഴമുള്ളതും പരിചയമില്ലാത്തതുമായ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പോസ്റ്റ്മോർട്ടത്തിനായി മാറ്റി
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പിണറായി പൊലീസ് പ്രാഥമിക ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി തലശ്ശേരി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.






