പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന് ആറു വർഷം കഠിന തടവും 60,000 രൂപ പിഴയുമാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് കൈമാറാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് ടിയാണ് വിധി പ്രസ്താവിച്ചത്.
വെള്ളമെടുക്കാൻ എത്തിയ ശേഷം പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കർണാടക കോളാർ സ്വദേശിയായ പാർത്ഥസാരഥി (48) കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2025 ജനുവരി 28നായിരുന്നു സംഭവം. രാത്രി ഏഴുമണിയോടെ അതിജീവിതയുടെ വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം എടുക്കാനെത്തിയ പ്രതി, വെള്ളം കോരി നൽകിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് കീഴ്വായ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. അന്വേഷണത്തിനൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.






