കോട്ടയം: ആദിവാസി ഗൃഹനാഥനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തില്‍, പ്രതിയെ രക്ഷിക്കാൻ പൊലീസിൻ്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും ഒത്തുകളിയും ഉണ്ടായതായി ആക്ഷേപം.
രാമപുരം അന്ത്യാളം സ്വദേശി സുകുമാരനാണ് (മലവേട സമുദായാംഗം) ക്രൂരമായ ആക്രമണത്തിന് ഇരയായത്.
പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള (SC/ST Act) കർശന വകുപ്പുകള്‍ ചുമത്താതെ, നിസ്സാര വകുപ്പുകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് പാലാ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കാര്യം പരാതിയിലും മൊഴിയിലും വ്യക്തമാക്കിയിട്ടും പൊലീസ് ഇത് അവഗണിക്കുകയായിരുന്നു.
കൂടാതെ, എഫ്.ഐ.ആറില്‍ നിന്ന് പ്രതിയുടെ മേല്‍വിലാസം മനഃപൂർവം ഒഴിവാക്കിയതായും ആരോപണമുണ്ട്. പൊലീസിൻ്റെ ഈ അനാസ്ഥ മുതലെടുത്ത് അന്ത്യാളം സ്വദേശിയായ പ്രതി ഹരി നായർക്ക് കോടതിയില്‍ നിന്ന് മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തു.
അയല്‍വാസിയായ സ്ത്രീയുമായി സുകുമാരൻ്റെ കുടുംബത്തിന് നിലനിന്നിരുന്ന വഴിതർക്കമാണ് ആക്രമണത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് പ്രതി നേരത്തെ ഭീഷണിപ്പെടുത്തിയതിനെതിരെ സുകുമാരൻ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധം തീർക്കാൻ നവംബർ ഏഴിന് വൈകുന്നേരം കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുകുമാരനെ പ്രതി വഴിയില്‍ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പ്രതി, മരക്കഷണം കൊണ്ട് ക്രൂരമായി മർദിക്കുകയും സുകുമാരൻ്റെ മുഖം സമീപത്തെ പാറക്കല്ലില്‍ ഇട്ടുരയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ചു കിടന്ന സുകുമാരനെ ബന്ധുക്കളാണ് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
ആക്രമണത്തില്‍ മൂക്കിൻ്റെ പാലം തകരുകയും മുഖത്ത് ഏഴ് തുന്നലുകള്‍ ഇടേണ്ടിവരികയും ചെയ്തു.
പരാതി നല്‍കാനായി സ്റ്റേഷനിലെത്തിയ സുകുമാരനെയും ഭാര്യയെയും രണ്ട് പെണ്മക്കളെയും പൊലീസ് മണിക്കൂറുകളോളം പുറത്തുനിർത്തിയതായും എഫ്.ഐ.ആർ പകർപ്പ് നല്‍കാതെ മടക്കി അയച്ചതായും കുടുംബം ആരോപിക്കുന്നു. പിറ്റേന്ന് മക്കള്‍ ഓണ്‍ലൈൻ വഴി എഫ്.ഐ.ആർ പരിശോധിച്ചപ്പോഴാണ് എസ്.സി/എസ്.ടി വകുപ്പുകള്‍ ഒഴിവാക്കിയ വിവരം പുറത്തറിയുന്നത്.
തുടർന്ന് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
അതിനിടെ, കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ ബന്ധുക്കള്‍ സുകുമാരൻ്റെ പെണ്മക്കളെയടക്കം ഭീഷണിപ്പെടുത്തുകയാണ്.
പ്രതിക്കായി പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഇടപെടുന്നുണ്ട്. തുടർചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുന്ന ഈ കൂലിപ്പണിക്കാരൻ്റെ കുടുംബം, വിഷയത്തില്‍ പട്ടികവർഗ കമ്മിഷനും വകുപ്പ് മന്ത്രിയും അടിയന്തരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന ആവശ്യത്തിലാണ്.






