കോട്ടയം: കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ തുടർച്ചയായി നാലാം വർഷവും മികച്ച നേട്ടം കൈവരിച്ചു.
ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ 54 പോയിന്റുമായി മരങ്ങാട്ടുപിള്ളി ഹൈസ്കൂൾ ഒന്നാം സ്ഥാനം നിലനിർത്തി. ശാസ്ത്ര മേളയിൽ എട്ട് വിഭാഗങ്ങളിലായി 14 കുട്ടികളാണ് പങ്കെടുത്തത്.
ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിൽ കൃപാ മരിയാ ജയ്സണും അൽഫോൻസാ ജേക്കബും ഒന്നാം സ്ഥാനം നേടി. ജൈവാവശിഷ്ടങ്ങളിൽ നിന്നും ഹൈഡ്രജൻ വാതകവും അതിൽ നിന്നും ഇലക്ട്രിസിറ്റിയും നിർമ്മിക്കുന്നതിന്റെ നിശ്ചല മാതൃകയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ഹൈസ്കൂൾ ഇൻവെസ്റ്റിഗേറ്ററി പ്രോജക്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി എയ്ഞ്ചലിൻ തോമസ് ഒന്നാം സ്ഥാനം നേടി. തേനീച്ചകൾ വഴി നാട്ടിലെ ഭക്ഷ്യോത്പാദനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതായിരുന്നു എയ്ഞ്ചലിൻ അവതരിപ്പിച്ചത്.
തൽക്ഷണം ആസൂത്രണം ചെയ് ശാസ്ത്ര പരീക്ഷണത്തിൽ പരസ്പര ഉരസൽ മൂലം ഉണ്ടാകുന്ന ചുഴി പോലുള്ള വൈദ്യുതി വഴി വായുവിൽ അലുമിനിയം റിംഗ് ഉയർത്തി നിർത്തി അദ്ഭുതം കാണിച്ചാണ് പ്രണവ് രാജീവും ഡിയോൺ ജോസും രണ്ടാം സ്ഥാനം നേടിയത്. റോബോട്ടിക് അഗ്രികൾച്ചർ മോഡൽ അവതരിപ്പിച്ച ഇയാന്റോ ബാസ്റ്റിൻ രാജേഷും ജില്ലയിൽ മൂന്നാം സ്ഥാനം നേടി.
ശാസ്ത്രമേളയിൽ പങ്കെടുത്ത 14 പേർക്കും "എ" ഗ്രേഡ് ലഭിച്ചു. ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രമേളയിലും പ്രവർത്തിപരിചയ മേളയിലും ഐടി മേളയിലും സാമൂഹ്യശാസ്ത്രമേളയിലും നിരവധി കുട്ടികളെ പങ്കെടുപ്പിച്ച് എ ഗ്രേഡ് നേടുവാനും സ്കൂളിന് സാധിച്ചു.
ഗണിത ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അരുൺ മുരളി രണ്ടാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. നവംബർ പതിനെട്ടാം തീയതി മുതൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വെച്ചാണ് സംസ്ഥാനതല മേളകൾ നടക്കുന്നത്.
ഹെഡ്മാസ്റ്റർ തോമസ് മാത്യുവിൻ്റെ നേതൃത്വത്തിൽ അധ്യാപകരുടെ കൂട്ടായ പരിശ്രമവും കുട്ടികളുടെ കഠിനാധ്വാനവും ആണ് സ്കൂളിനെ മികച്ച നേട്ടത്തിന് അർഹരാക്കിയത്.






