ദില്ലി: കെ ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ.
2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബർ 1-നുമിടയിൽ സർവീസിൽ പ്രവേശിച്ച
അധ്യാപകർക്കും ഇളവ് അനുവദിക്കണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യം.
ജമ്മുകശ്മീരിലെ അധ്യാപകർക്ക് നൽകിയ ഇളവ് കേരളത്തിലെ അധ്യാപകർക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലി പി.എസ്. സുപ്രീംകോടതിയിൽ അപേക്ഷ നൽകി.
2028 ഓഗസ്റ്റ് 31 വരെ കെ-ടെറ്റ് യോഗ്യത നേടാൻ അധ്യാപകർക്ക് സാവകാശം അനുവദിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിശ്ചിത സമയത്തിനുള്ളിൽ ടെറ്റ് പരീക്ഷ പാസാകാൻ കഴിയാത്ത അധ്യാപകരെ പെട്ടെന്ന് ജോലിയിൽനിന്ന് പിരിച്ചുവിടരുതെന്നും
പകരം സർവീസ് ആനുകൂല്യങ്ങളോടെ നിർബന്ധിത വിരമിക്കൽ അനുവദിക്കണമെന്നുമാണ് മറ്റൊരു ആവശ്യം.
2010 ഓഗസ്റ്റ് 23-ന് മുമ്പ് നിയമിതരായ അധ്യാപകർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിച്ചപ്പോൾ,
അതിനുശേഷം നിയമനം ലഭിച്ച് പത്തുവർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന അധ്യാപകർക്ക് സമാനമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് കേരളത്തിന്റെ വാദം.






