കേട്ടയം: വഴിയില്‍ തളർന്നുവീഴുന്ന കെ.എസ്.ആർ.ടി.സി. ബസുകള്‍ക്ക് താങ്ങായി ഓടിയിരുന്ന പാലാ ഡിപ്പോയുടെ പഴയ വർക്ഷോപ്പ് വാനായ 'ഡി 267'ന്റെ യാത്രയ്ക്ക് വിരാമം.
40 വർഷം സേവനം പൂർത്തിയാക്കിയ വണ്ടി കേന്ദ്ര സർക്കാരിന്റെ സ്ക്രാപിങ് നയത്തിന്റെ ഭാഗമായി പൊളിക്കാനായി ആലുവ റീജനല്‍ വർക്ഷോപ്പിലേക്ക് കൊണ്ടുപോയി. പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ അഭിമാനവും വഴിയോരങ്ങളിലെ കാവലാളുമായിരുന്ന വണ്ടിയുടെ സേവനത്തിനാണ് ഇതോടെ അവസാനമായത്.
1984ല്‍ കോട്ടയം ഡിപ്പോയില്‍നിന്നാണ് പുതിയ അതിഥിയായി ഈ ബസ് നിരത്തിലിറങ്ങിയത്. പഴയ എസ് 4000 നമ്പർ ബസായിരുന്ന ഇത് കോട്ടയം-പാലാ-കട്ടപ്പന മലയോര റൂട്ടില്‍ 12 വർഷത്തോളം സർവീസ് നടത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രിയങ്കരനായിരുന്ന ബസിന് 1996ല്‍ കെ.എസ്.ആർ.ടി.സി. പുതിയൊരു ദൗത്യം നല്കി. ബസ് മൊബൈല്‍ വർക്ഷോപ്പ് വാനാക്കി മാറ്റി
പുതിയ രൂപത്തില്‍ ബോണറ്റ് നമ്പർ ഡി 267 എന്ന പേരില്‍ അറിയപ്പെട്ട വണ്ടി പിന്നീട് 30 വർഷത്തോളം പാലാ ഡിപ്പോയുടെ ഭാഗമായി പ്രവർത്തിച്ചു. വഴിയില്‍ തകരാറിലാകുന്ന കെ.എസ്.ആർ.ടി.സി. ബസുകള്‍ക്ക് ആവശ്യമായ സഹായവുമായി എത്തുക എന്നതായിരുന്നു പ്രധാന ചുമതല. യാത്രക്കാരുമായി ഓടിയിരുന്ന ബസില്‍നിന്ന് വഴിയരികില്‍ കുടുങ്ങുന്ന മറ്റ് ബസുകള്‍ക്ക് സഹായമെത്തിക്കുന്ന വർക്ഷോപ്പ് വാഹനമായി മാറിയതും ഡി 267ന്റെ യാത്രയിലെ ശ്രദ്ധേയമായ അധ്യായമായി.
2000 മുതല്‍ തുടർച്ചയായി 17 വർഷം മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് പമ്പയിലും ഡി 267ന് പ്രത്യേക ഡ്യൂട്ടിയുണ്ടായിരുന്നു. നാല് പതിറ്റാണ്ടോളം കെ.എസ്.ആർ.ടി.സിയുടെ യാത്രയ്ക്കും സേവനത്തിനും ഒപ്പമുണ്ടായിരുന്ന പഴയ വണ്ടി ഇനി നിരത്തിലുണ്ടാകില്ല. സ്ക്രാപിങ്ങിന്റെ ഭാഗമായി ആലുവയിലേക്ക് കൊണ്ടുപോയതോടെ കെ.എസ്.ആർ.ടി.സിയുടെ പഴയൊരു സേവന അധ്യായത്തിനാണ് തിരശ്ശീല വീണത്.






