കോട്ടയം: കെ.എസ്.ആര്.ടി.സി. പ്രിയദര്‍ശനി ബസില്‍ തിരക്കേറുന്നതിനിടെ ബസുകളിലെ വള്ളി കെട്ടിയ വാതില്‍ അപകട ഭീഷണിയാവുന്നു.
ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം ഓര്‍ഡിനറി ബസുകളില്‍ ഇല്ല.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഡോര്‍ താനെ തുറന്നു കണ്ടക്ടര്‍ താഴെ വിണു പരുക്കേറ്റിരുന്നു. സമാന അപകടം ജില്ലയിലും ആവര്‍ത്തിക്കാന്‍ സാധ്യത ഏറെയാണ്.
കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസില്‍ സൗജന്യ യാത്ര ആരംഭിച്ചതോടെ സ്റ്റാന്‍ഡില്‍നിന്ന് ആളുകളെ കുത്തിനിറച്ചാണു പല ബസുകളും യാത്ര പുറപ്പെടുന്നത്. മറ്റു സേ്റ്റാപ്പുകളില്‍ നിര്‍ത്തി കാത്തുനില്ക്കുന്ന യാത്രക്കാരെ കയറ്റാനും കഴിയുന്നില്ല. ഇനി അടുത്ത ബസില്‍ പോകാമെന്നു വിചാരിച്ചാലും കാര്യമുണ്ടാകില്ല.
ആ ബസും എത്തുന്നത് അമിതമായി യാത്രക്കാരെ കയറ്റിയാണ്. ഇതുകാരണം ബസ് കിട്ടാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളിലെത്താന്‍ വൈകുന്നുണ്ട്. പലരും ഫുട്ബോര്ഡിലാണു നിന്നു യാത്ര ചെയ്യുന്നത്. ഒരു ഓര്‍ഡിനറി ബസില്‍ പോലും ഹൈഡ്രോളിക് ഡോറുകള്‍ ഇല്ല. പകരം മാനുവല്‍ ഡോറില്‍ വള്ളി കെട്ടി വലിച്ചടയ്ക്കുന്ന സംവിധാനമാണ് ഉള്ളത്.
യാത്രക്കാരോ കണ്ടക്ടറോ ഡോര്‍ അടയ്ക്കണം. തിരക്കു കൂടിയതോടെ വാതില്‍ അടയ്ക്കുന്നത് സാഹസികമായി മാറിയിട്ടുണ്ട്. തിരക്കു കൂടിയാല്‍ ഡോര്‍ താനെ തുറക്കാനുള്ള സാധ്യത ഏറെയാണ്. ഇതോടൊപ്പം ഡോറില്‍ കെട്ടിയ വള്ളിയില്‍ പിടിച്ചു വലിച്ചടയ്ക്കാന് ശ്രമിക്കുമ്പോള്‍ യാത്രക്കാര്‍ താഴേയ്ക്കു വീഴാനും ഉള്ള സാധ്യത ഏറെയാണ്. കുമരകം റൂട്ടില്‍ എല്ലാം തിരക്കു കാരണം യാത്രക്കാരോട് അടുത്ത ബസില്‍ വരാന്‍ ആവശ്യപ്പെടുന്നതു സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്.
50 ആണു കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളുടെ സീറ്റിങ് കപ്പാസിറ്റി. പലപ്പോഴും അത്രയും ആളുകള്‍ നിന്നും യാത്ര ചെയ്യും. പ്രിയദര്‍ശിനി സര്‍വിസ് ആരംഭിച്ചതോടെ യാത്ര ചെയ്യുന്നവരുടെ ശരാശരി എണ്ണം 70-ഉം 80-ഉം ഒക്കെ ആയി എന്നു ജീവനക്കാര്‍ പറയുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുകയോ തിരക്കു നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് ആളുകളുടെ ആവശ്യം. ഇതോടൊപ്പം എല്ലാ ഓര്‍ഡിനറി ബസുകളിലും ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.






