ബത്തേരി: ഗുണ്ടൽപേട്ടിലേക്കുള്ള പ്രിയദർശിനി ബസിൽ തിരക്കോട് തിരക്ക്. ശരാശരി 140 യാത്രക്കാർ ബസിലുണ്ടാകും.
കഴിഞ്ഞ ദിവസം വൻ തിരക്ക് അനുഭവപ്പെട്ടതോടെ ഇത്രയും യാത്രക്കാരുമായി സർവീസ് നടത്താൻ കഴിയില്ലെന്ന് ജീവനക്കാർ നിലപാടെടുത്തു. ചർച്ചകൾക്കുശേഷമാണ് സർവീസ് പുനഃരാരംഭിച്ചത്.
3 ബസാണ് ഗുണ്ടൽപേട്ടിലേക്ക് പ്രതിദിനം സർവീസ് നടത്തുന്നത്. വയനാട് വന്യജീവി സങ്കേതവും ബന്ദിപ്പൂർ വന്യജീവി സങ്കേതവും ഗുണ്ടൽപേട്ടിലെ പൂ പാടങ്ങളും കടന്നാണ് ബസ് ഗുണ്ടൽപേട്ട് ടൗണിലെത്തുന്നത്. ഇതാണ് വനിതാ യാത്രക്കാരെ ആകർഷിക്കുന്നത്.
എന്നാൽ, ബസിൽ നിറയെ യാത്രക്കാരുമായി സർവീസ് നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പറയുന്നു. ടയർ പൊട്ടുന്നതും ആക്സിൽ ഒടിയുന്നതും ഇപ്പോൾ പതിവായെന്നും അവര് പറയുന്നു. '
അപകടം ഒഴിവാക്കാനാണ് യാത്രക്കാരെ ചുരുക്കാൻ ജീവനക്കാർ അഭ്യർഥിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെ ജനപ്രവാഹം തുടരുകയാണ്.
ബസിലെ യാത്രക്കാരിൽ 80 ശതമാനവും വനിതകളാണ്. ബത്തേരിയിൽനിന്ന് ഗുണ്ടൽപേട്ടിലേക്ക് 55 കിലോമീറ്ററാണ്.
ഇതിൽ 30 കിലോമീറ്ററും കാടാണ്. ബാക്കി ഗ്രാമങ്ങളും. ബത്തേരിയിൽനിന്ന് കേരള അതിർത്തിയിലേക്ക് 20 കിലോമീറ്ററുണ്ട്.
ബത്തേരിയിൽനിന്ന് 13 കിലോമീറ്റർ കഴിഞ്ഞാൽ മുത്തങ്ങയായി. ഇത് വനപ്രദേശമാണ്. വീണ്ടും നാലു കിലോമീറ്റർ കഴിഞ്ഞാൽ പൊൻകുഴി ശ്രീരാമ–സീതാക്ഷേത്രം.
പിന്നീട് കർണാടക അതിർത്തി. ഇവിടെനിന്ന് ബന്ദിപ്പൂർ വന്യജീവി സങ്കേതം ആരംഭിക്കും. 19 കിലോമീറ്റർ കഴിഞ്ഞാൽ മദൂർ ഗ്രാമമായി.
ഇവിടെ പച്ചക്കറി കൃഷിയും പൂ പാടങ്ങളും ഉണ്ട്. ചെണ്ടുമല്ലി, സൂര്യകാന്തി പൂക്കളാണ് കൃഷി ചെയ്യുന്നത്. പുതുതായി ഒരു മുന്തിരിപ്പാടവുമുണ്ട്. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ കൃഷി സ്ഥലത്തേക്ക് പ്രവേശിക്കാൻ കർഷകർ ഫീസ് ഈടാക്കുന്നുണ്ട്.
പലരുടെയും ഉപജീവന മാർഗം കൂടിയാണിത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്ത്രീകളാണ് കെഎസ്ആർടിസി ബസിൽ ഗുണ്ടൽപേട്ട് കാണാനെത്തുന്നത്.






