മുംബയ്: മഹാരാഷ്ട്രയില്‍ ആർത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടി ഗർഭിണിയാണെന്ന് തെറ്റായി റിപ്പോർട്ട് നല്കിയ ആശുപത്രിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
താനെ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. 17കാരിയായ പെണ്‍കുട്ടിയാണ് ആർത്തവ പ്രശ്നങ്ങള്‍ക്ക് കല്യാണ്‍ - ഡോംബിവ്ലി ഏരിയയിലെ ശാസ്ത്രി നഗർ സർക്കാർ ആശുുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്. എന്നാല്‍ ഡോക്ടർമാർ കുടുംബത്തിന്റെ അനുമതിയില്ലാതെ പെണ്‍കുട്ടിയെ മൂന്നുതവണ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടി ഗർഭിണിയാണെന്ന് തെറ്റായ റിപ്പോർട്ടും നല്കി.
പരിഭ്രാന്തരായ കുടുംബം പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗർഭിണിയല്ലെന്ന് തെളിഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ ആർത്തവ പ്രശ്നങ്ങള്‍ക്ക് ചികിത്സ നല്കി ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു. തുടർന്നാണ് ബന്ധുക്കള്‍ സർക്കാർ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.






