തിരുവനന്തപുരം: ജിഎൻഎയില് നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കെഎസ്ഇബിയിലെ ഡയറക്ടര്‍മാര്‍ക്ക് അതൃപ്തി.
കെഎസ്ഇബിയിലെ രണ്ട് ഡയറക്ടര്‍മാര്‍ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. അമിത സമ്മര്‍ദം താങ്ങാനാവുന്നില്ലെന്നാണ് ഡയറക്ടര്‍മാര്‍ക്കിടയിലെ ചര്‍ച്ച.
നിയമപരമല്ലാത്ത ഒരു കാര്യവും ചെയ്യില്ലെന്നും ഡയറകടര്മാര്ക്കിടയില് ധാരണ. കെഎസ്ഇബിയില്‍ നിന്നുള്ള ഫിനാന്‍സ് ഡയറകടര്‍ മാത്രമാണ് സ്ഥിരം ഡയറക്ടര്‍. ബാക്കി നാല് പേരും ചീഫ് എന്‍ജിനീയര്‍മാരാണ്. അവര്‍ക്ക് ഡയറക്ടറുടെ അധിക ചുമതല കൊടുത്തിട്ടുള്ളതാണ്.
അതേസമയം, പീക്ക് അവറില്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്ന വാദം തെറ്റെന്ന് കെഎസ്ഇബി ചെയര്‍മാന്റെ കുറിപ്പ് പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക് നല്കിയ കുറിപ്പിലാണ് ഓരോ മാസവും ലഭിക്കുന്ന പീക്ക് അവര്‍ സപ്ലൈ കണക്ക് വിശദീകരിക്കുന്നത്.
ഫെബ്രുവരിയില്‍ 193 MW, ജനുവരിയില്‍ 213 MW എന്നിങ്ങനയേ ലഭിക്കൂവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. പീക്ക് ഹവര്‍ ലഭ്യത സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചപ്പോഴാണ് കെഎസ്ഇബി ചെയര്മാന് പുതിയ കുറിപ്പ് നല്‍കിയത്. പീക്ക് അവറില്‍ ഉള്‍പ്പടെ 500 mw വൈദ്യുതിയാണ് ജിഎന്‍എ നല്കുന്ന വാഗ്ദാനം.
അതേസമയം, ഇ-ടെന്‍ഡര്‍ വിളിക്കാതെ ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന് സംസ്ഥാന റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം കിട്ടുമോ എന്നതില്‍ സംശയം നിഴലിക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപക്ക് മുകളിലുള്ള വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്ക് ഇ-ടെന്‍ഡറിങ് നിര്‍ബന്ധമാണ്.






