തിരുവനന്തപുരം: വൈദ്യുതി ഇടപാട് തര്‍ക്കത്തിൽ സ്വകാര്യ കമ്പനിയായ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ കെഎസ്ഇബി ഉയര്‍ത്തിയത് അതിശക്തമായ എതിര്‍പ്പ്.
വൈദ്യുതി വിൽക്കുന്നത് ആരെന്ന് അറിയാത്ത ഇടപാട് സുതാര്യതയില്ലാത്തതും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ ചെയര്മാൻ എം ജി രാജമാണിക്യം എതിര്‍ത്തത്.
ജിഎൻഎയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കിൽ ആര്‍ക്കും കമ്മീഷനോ പ്രതിഫലമോ നൽകിയിട്ടില്ലെന്നത് ഉള്‍പ്പെടെ വൈദ്യുതി വിൽക്കുന്നവര് സത്യവാങ്മൂലം നൽകണമെന്നും ഒക്ടോബര്‍ 31ന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
വൈദ്യുതി മന്ത്രിയുടെ നിര്‍ദേശം ഉള്‍പ്പെടെ തള്ളി വിലക്കുറവെന്ന കാരണം പറഞ്ഞായിരുന്നു ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം ചെയ്ത വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. സര്‍ക്കാര്‍ വഴി വന്ന ജിഎൻഎയെ തുടക്കം മുതൽ കെഎസ്ഇബി ശക്തമായി എതിര്‍ത്തുവെന്നാണ് വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകള്‍ വ്യക്തമാക്കുന്നത്.
ചെയര്മാൻ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് എം ജി രാജമാണിക്യം എഴുതിയ കത്താണിത്. വൈദ്യുതി ഇടപാട് തര്‍ക്കത്തിനിടെ ഈ മാസം രണ്ടിനാണ് രാജമാണിക്യത്തെ മാറ്റി എൻ പ്രശാന്തിനെ ചെയര്‍മാനാക്കിയത്.






