തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മീഷന് പുറത്തിറക്കി.
പകല്‍ സമയത്ത് കുറഞ്ഞ നിരക്കും രാത്രിയിലെ ഉയര്‍ന്ന വൈദ്യുതി ആവശ്യകതയുള്ള സമയത്ത് ഉയര്‍ന്ന നിരക്കും ഏര്‍പ്പെടുത്തും.
2027 മുതല്‍ 2032 വരെയുള്ള കാലയളവിലേക്കുള്ള നിരക്ക് പരിഷ്കരണത്തിനാണ് കരട് മാര്‍ഗനിര്‍ദേശങ്ങള്‍.
സോളാര്‍ വൈദ്യുതി ലഭ്യത കൂടുതലുള്ള പകല്‍ സമയത്ത് കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തി കൂടുതല്‍ ഉപഭോക്താക്കളെ അന്നത്തെ വൈദ്യുതി ഉപയോഗത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
നിലവില്‍ മാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് ടൈം ഓഫ് ഡേ സംവിധാനം ബാധകമായിരിക്കുന്നത്.
ഇത് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദേശവും കരടിലുണ്ട്. രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാര്‍ ഉപഭോക്താക്കള്‍ക്ക് പീക്ക് സമയത്ത് നിരക്ക് ഇളവ് നല്‍കുന്നതിനെക്കുറിച്ച് കെഎസ്ഇബിക്ക് നിര്‍ദേശം സമര്‍പ്പിക്കാനും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്.
ഫിക്സഡ് ചാര്‍ജ് കണക്കാക്കുന്ന രീതിയിലും മാറ്റം വരുത്തിയേക്കും. നിലവില്‍ സ്ലാബ് അടിസ്ഥാനത്തിലാണ് ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നത്. മീറ്റര്‍ സംവിധാനത്തിലേക്ക് മാറിയാല്‍ ആകെ വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ ഫിക്സഡ് ചാര്‍ജ് നിശ്ചയിക്കണമെന്നാണ് നിര്‍ദേശം.
ഇന്ധന സര്‍ചാര്‍ജ് പ്രതിമാസം തന്നെ ഈടാക്കുന്നത് ഉറപ്പാക്കണമെന്നും കരടില്‍ പറയുന്നു. വൈദ്യുതി വാങ്ങുന്നതിനായി ചെലവായ തുക നിരക്കിലൂടെ പൂര്‍ണമായി ഈടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2024 വരെ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം 2031ന് മുന്‍പ് നികത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
ഈ തുക 2027 മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതോടെ വൈദ്യുതി നിരക്കില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്.
അതേസമയം, വൈദ്യുതി വാങ്ങല്‍ ചെലവ് കുറയ്ക്കുന്നതിന് കെഎസ്ഇബി കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
ദീര്‍ഘകാല, ഇടക്കാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്. പുനരുപയോഗ ഊര്‍ജ ഇടപാടുകള്‍ക്ക് ഇളവ് നല്‍കും. വൈദ്യുതി സംഭരണ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും കരടില്‍ പറയുന്നു.






