ഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ ഇപ്പോള്‍ മാറ്റേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം.
ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടന്ന കൂടിക്കാഴ്ചയില്‍ പുതിയ അധ്യക്ഷനെ കുറിച്ച് ചർച്ചയുണ്ടായില്ല. പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനവും ചർച്ചയായില്ല. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ മാത്രം തീരുമാനം എടുത്താല്‍ മതിയെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. സണ്ണി ജോസഫ് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം, സംസ്ഥാന കോണ്‍ഗ്രസിലെ തർക്കങ്ങള്‍ക്കും ആഭ്യന്തര പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാൻ ഡിസംബർ പകുതിയോടെ കെപിസിസി പുനഃസംഘടന നടത്താനാണ് എഐസിസി തീരുമാനിച്ചിരിക്കുന്നത്. മുഴുവൻ സമയ കെപിസിസി പ്രസിഡന്റിനെയും 14 ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെയും നിശ്ചയിക്കാനാണ് കേന്ദ്ര നേതൃത്വം ഉദ്ദേശിക്കുന്നത്. മുതിർന്ന നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നതകളും ഗ്രൂപ്പ് പോരുകളും പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുന്നുണ്ടെന്ന് ഹൈക്കമാൻഡ് വിലയിരുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം ഉണ്ടായിട്ടും സംഘടനാ സംവിധാനം ദുർബലമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതുകൊണ്ട് കെപിസിസി പുനഃസംഘടന ഇനി വൈകിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. മന്ത്രിസഭയും പാർട്ടിയും തമ്മില്‍ ഏകോപനമില്ലെന്ന പരാതി, ഘടകകക്ഷികളുടെ അതൃപ്തി, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് അടക്കമുള്ളവരുടെ വിമർശനം എന്നിവ ഉയർന്ന സാഹചര്യത്തിലാണ് പുനഃസംഘടന വേഗത്തിലാക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നത്.നിലവില്‍ കെപിസിസി പ്രസിഡന്റ് തന്നെയാണ് വൈദ്യുതി മന്ത്രിയായും മന്ത്രിസഭയിലുള്ളത്. ഈ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനം മാറണമെന്ന ആവശ്യം ആറുമാസം മുമ്പ് തന്നെ ഉയർന്നിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.






